മാധ്യമങ്ങളുടേത് നിന്ദ്യമായ രീതി: പിണറായി

കണ്ണൂര്‍| WEBDUNIA|
PRO
താന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ വിമര്‍ശിച്ചു എന്ന് വാര്‍ത്ത ചമച്ച മാധ്യമങ്ങള്‍ നിന്ദ്യമായ രീതിയാണ് കൈക്കൊള്ളുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പയ്യാമ്പലത്ത് നടന്ന പൊതുസമ്മേളനത്തിലാണ് പിണറായി മാധ്യമങ്ങള്‍ക്കു നേരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

താന്‍ വി എസിനെ വിമര്‍ശിച്ചിട്ടില്ലെന്ന് പിണറായി പറഞ്ഞു. “ഞാന്‍ നായനാരുടെ പ്രത്യേകതകളെക്കുറിച്ചാണ് പറഞ്ഞത്. അദ്ദേഹത്തിന്‍റെ മന്ത്രിസഭയില്‍ കുറച്ചുകാലം പ്രവര്‍ത്തിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. ആ അനുഭവങ്ങള്‍ പറയാതിരിക്കാന്‍ കഴിയുമോ? ഞാന്‍ നായനാരെ അനുസ്മരിച്ചാല്‍ അതെങ്ങനെയാണ് വി എസിനെതിരായ വിമര്‍ശനമായി മാറുന്നത്? നായനാരെ അനുസ്മരിച്ച് വി എസ് എന്തെങ്കിലും പറഞ്ഞാല്‍ അത് എനിക്കെതിരായ വിമര്‍ശനമാകുമോ?” - പിണറായി ചോദിച്ചു.

“ഞാന്‍ വി എസിനെതിരായി എന്തെങ്കിലും ഒരു വാചകം പറഞ്ഞിട്ടുണ്ടെങ്കില്‍ മനസിലാക്കാം. നായനാര്‍ അനുസ്മരണ പ്രസംഗത്തില്‍ ഞാന്‍ വ്യംഗ്യമായി ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. ചില പത്രലേഖകര്‍ ഇവിടെ സ്വന്തമായ ഭാഷ്യം ചമയ്ക്കുകയാണ്. അത് മറ്റുള്ളവരുടെ വായില്‍ കുത്തിത്തിരുകാന്‍ ശ്രമിക്കുന്നു. വാര്‍ത്തകളെ വക്രീകരിക്കുകയാണ് ഇവര്‍. മാധ്യമങ്ങള്‍ നിന്ദ്യമായ രീതി തുടര്‍ന്ന് ഞങ്ങളുടെ സാധാരണ മാന്യത കൈവിടുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കേണ്ട. വല്ലാതെ ഞങ്ങളെ കശക്കിക്കളയാമെന്ന് ആരും കരുതേണ്ടതില്ല.” - പിണറായി വ്യക്തമാക്കി.

മുഖ്യമന്ത്രി എന്ന നിലയില്‍ തന്‍റെ ടീമിന്‍റെ സംരക്ഷകനായിരുന്നു ഇ കെ നായനാര്‍ എന്ന് പിണറായി വിജയന്‍ കണ്ണൂരില്‍ ഇ കെ നായനാരുടെ ആറാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ചടങ്ങില്‍ പറഞ്ഞിരുന്നു. ഇത് ‘വി എസിനെതിരായ വിമര്‍ശനമാണല്ലോ’ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോല്‍ ‘അത് കാര്യമാക്കുന്നില്ല’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതാണ് മാധ്യമ പ്രവര്‍ത്തകരെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്താന്‍ പിണറായി വിജയനെ പ്രേരിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :