ഉപദ്രവിച്ചു മടുക്കുമ്പോള്‍ പറയണമെന്ന് സുരേഷ്കുമാര്‍

തിരുവനന്തപുരം| WEBDUNIA|
തന്നെ ഉപദ്രവിച്ചു മടുക്കുമ്പോള്‍ പറയണമെന്ന്‌ വ്യക്തമാക്കി സഹകരണ മന്ത്രി ജി സുധാകരനും ആഭ്യന്തര ന്ത്രി കോടിയേരി ബാലകൃഷ്‌ണും കത്തെഴുതാന്‍ കെ സുരേഷ്‌കുമാര്‍ ഐഎഎസ്‌ ഒരുങ്ങുന്നു. സുരേഷ്‌കുമാറിനെ വീണ്ടും സസ്‌പെന്‍ഡ്‌ ചെയ്യാന്‍ വിജിലന്‍സ്‌ ആന്റ്‌ ആന്റി കറപ്‌ഷന്‍ ബ്യൂറോ ശുപാര്‍ശ ചെയ്‌ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ കത്ത്‌.

തലസ്ഥാനത്തെ അടുപ്പമുള്ള ചില മാധ്യമ പ്രവര്‍ത്തകരോടാണ് താന്‍ ഇത്തരത്തിലൊരു കത്തെഴുതുന്ന കാര്യം സുരേഷ്‌കുമാര്‍ സൂചിപ്പിച്ചത്. താന്‍ ദളിതനായതുകൊണ്ടാണ്‌ ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നത് എന്ന് കരുതുന്നില്ലെന്നും സുരേഷ്‌കുമാര്‍ പറയുന്നു. എന്നാല്‍ അതിനിടെ മുഖ്യമന്ത്രിയെ കാണാനും സുരേഷ്‌കുമാര്‍ ശ്രമിക്കുന്നുണ്ട്‌.

സര്‍ക്കാരിന്‍റെ ആദ്യ കാലങ്ങളില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ വിശ്വസ്തനായിരുന്നു സുരേഷ്കുമാര്‍. മൂന്നാര്‍ ദൌത്യസംഘം തലവനായതോടെയാണ് അദ്ദേഹത്തിന്‍റെ കഷ്ടകാലം തുടങ്ങിയത്. മൂന്നാറില്‍ സി പി ഐ ഓഫീസിന്‍റെ ഒരു ഭാഗം ഇടിച്ചു നിരത്തിയതോടെ മൂക്കുകയര്‍ വീണ സുരേഷ് കുമാറിനെതിരെ മൂന്നാര്‍ ദൌത്യവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്.

സംസ്ഥാന കാര്‍ഷിക വികസന ബാങ്ക്‌ എം ഡിയായിരുന്ന കാലത്ത്‌ അഴിമതി നടത്തിയെന്നാരോപിച്ചാണു ഇപ്പോള്‍ സുരേഷ്കുമാറിനെതിരെ വീണ്ടും സസ്‌പെന്‍ഷനുള്ള ശുപാര്‍ശ ആഭ്യന്തര വകുപ്പു നല്‍കിയിരിക്കുന്നത്‌. കാര്‍ഷിക വികസന ബാങ്ക്‌ സഹകരണ വകുപ്പിനു കീഴിലാണ്‌. മന്ത്രി സുധാകരന്റെ സമ്മര്‍ദവും വി എസിന്റെ വിശ്വസ്‌തനെന്ന നിലയില്‍ തന്നോട്‌ ആഭ്യന്തര മന്ത്രി കോടിയേരിക്കുള്ള രോഷവും കൂടിച്ചേര്‍ന്നാണ്‌ ഇപ്പോഴത്തെ നടപടി നീക്കമെന്നാണ്‌ സുരേഷ്‌കുമാര്‍ കരുതുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :