പ്ലസ് ടു: വിജയശതമാനം കുറഞ്ഞു

തിരുവനന്തപുരം| WEBDUNIA|
PRO
സംസ്ഥാ‍ന ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 74.97% ആണ് വിജയശതമാനം. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വിജയശതമാനം കുറവാണ്. കഴിഞ്ഞവര്‍ഷത്തെക്കള്‍ വിജയം 1.49 ശതമാനം കുറഞ്ഞു.

ഉച്ചയ്ക്ക് രണ്ടരയോടെ വിദ്യാഭ്യാസമന്ത്രി എം എ ബേബി ആണ് ഫലപ്രഖ്യാപനം നടത്തിയത്. 4,04, 149 കുട്ടികളായിരുന്നു ഇത്തവണ പരീക്ഷയെഴുതിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സര്‍ക്കാര്‍ സ്കൂളുകളില്‍ വിജയശതമാനം കൂടിയെന്ന് മന്ത്രി അറിയിച്ചു. എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളില്‍ വിജയശതമാനം കുറഞ്ഞു.

1523 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളും സയന്‍സ് ഗ്രൂപ്പുകാരാണ്. വി എച്ച് എസ് സിയില്‍ ഒരു വിദ്യാര്‍ത്ഥി മാത്രമാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. 75.48 ആണ് വി എച്ച് എസ് സി വിജയശതമാനം.

1026 പെണ്‍ കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയപ്പോള്‍ 497 ആണ്‍ കുട്ടികള്‍ക്ക് മാത്രമാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടാന്‍ കഴിഞ്ഞത്. പരീക്ഷയെഴുതിയതില്‍ 80.31 ശതമാനം പെണ്‍കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.

മാര്‍ക്ക് ലിസ്റ്റ് ഈ മാസാവസാനം ലഭിച്ചു തുടങ്ങും. സംസ്ഥാനത്തിനകത്തും പുറത്തുമായി 1723 കേന്ദ്രങ്ങളില്‍ മാര്‍ച്ച് 15 മുതല്‍ 29 വരെയായിരുന്നു പരീക്ഷ. പരീക്ഷാ കേന്ദ്രങ്ങളില്‍ ഒമ്പത് എണ്ണം വീതം ഗള്‍ഫിലും ലക്ഷദ്വീപിലും നാലെണ്ണം മാഹിയിലുമായിരുന്നു. അതിവിപുലമായ സംവിധാനങ്ങളാണ്‌ ഇത്തവണ ഫലപ്രഖ്യാപനത്തിനായി തയ്യാറാക്കിയിരിക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :