‘മലയാളസിനിമയ്ക്കുള്ള വിനോദനികുതി എടുത്തുകളയണം’

തിരുവനന്തപുരം| WEBDUNIA|
PRO
മലയാള സിനിമകള്‍ക്കുള്ള വിനോദ നികുതി എടുത്തു കളയാന്‍ ശുപാര്‍ശ. സിനിമാ പ്രതിസന്ധി പരിഹരിക്കാന്‍ രൂപീകരിച്ച സമിതിയുടേതാണ് ശുപാര്‍ശ. ഈ മാസം ആദ്യം കോട്ടയത്ത് ചേര്‍ന്ന യോഗത്തില്‍ സിനിമാ മേഖലയിലെ പ്രശ്‌നം പരിഹരിക്കുന്നതിനായി പ്രത്യേകസമിതി രൂപീകരിച്ചിരുന്നു.

സാംസ്‌കാരികവകുപ്പ് സെക്രട്ടറി ടി ബാലകൃഷ്ണന്‍ ഐഎഎസ് ചെയര്‍മാനും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ ആര്‍ മോഹനന്‍ കണ്‍വീനറുമായ സമിയുടേതാണ് ശുപാര്‍ശ. സംസ്ഥാന സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്നു ചേരുന്ന സര്‍ക്കാര്‍തല യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.

രാത്രി ഏഴുമണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് ചര്‍ച്ച. അമ്മ, ഫെഫ്ക, ഫിലിം ചേംബര്‍, നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍, തിയേറ്റര്‍ ഉടമകള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

കോട്ടയത്ത് നടന്ന ചര്‍ച്ചയുടെ തുടര്‍ച്ചയെന്നോണമാണ് ഇന്നത്തെ യോഗവും. കോട്ടയത്ത് നടന്ന ചര്‍ച്ചയ്ക്കു ശേഷം സിനിമ റിലീസ് ചെയ്യാന്‍ ആരംഭിച്ചിരുന്നങ്കിലും മറ്റ് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിരുന്നില്ല. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ സാംസ്കാരിക മന്ത്രി എം എ ബേബി, വ്യവസായ മന്ത്രി എളമരം കരീം, മന്ത്രി പാലൊളി മുഹമ്മദ് കുട്ടി എന്നിവര്‍ പങ്കെടുക്കും.

തീയറ്ററില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ നൂണ്‍ ഷോയുടെ വരുമാനം സംബന്ധിച്ചുള്ളതാണ് നിലവിലെ പ്രധാന തര്‍ക്ക വിഷയം. പ്രധാനമായും ഇക്കാര്യത്തിലായിരിക്കും ഇന്ന് ചര്‍ച്ച നടക്കുക. കൂടാതെ, കുട്ടിക്കാനത്ത് ഷൂട്ടിംഗ് ലൊക്കേഷനില്‍ ബോംബ് പൊട്ടിത്തെറിച്ച സംഭവവും ചര്‍ച്ചയ്ക്കു വരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :