ശ്രീനാഥിന്‍റെ പോസ്റ്റുമോര്‍ട്ടത്തില്‍ അസ്വാഭാവികത

ആലപ്പുഴ| WEBDUNIA|
PRO
നടന്‍ ശ്രീനാഥിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തതില്‍ അസ്വാഭാവികതയുണ്ടെന്ന് നടന്‍ തിലകന്‍. ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തിലാണ് തിലകന്‍ ഇങ്ങനെ പറഞ്ഞത്. നടന്‍ ജഗദീഷിന്‍റെ ഭാര്യ ജോലി നോക്കുന്ന ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ശ്രീനാഥിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത് സംശയിക്കപ്പെടേണ്ടതാണ് - തിലകന്‍ ആരോപിച്ചു.

“തൊഴില്‍ സംരക്ഷണം ലഭിക്കാത്തതുകൊണ്ടാണ് ശ്രീനാഥ് ആത്മഹത്യ ചെയ്തത്. ഇതൊരു സ്വാഭാവിക മരണമല്ല. കോതമംഗലത്താണ് അദ്ദേഹത്തിന്‍റെ മരണം നടന്നത്. അതിന്‍റെ സമീപ പ്രദേശങ്ങളായ കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ ശ്രീനാഥിന്‍റെ ജഡം പോസ്റ്റുമോര്‍ട്ടം ചെയ്തില്ല. ജഗദീഷിന്‍റെ ഭാര്യ ജോലിനോക്കുന്ന ആലപ്പുഴ മെഡിക്കല്‍ കോളജിലാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. ഇതില്‍ അസ്വാഭാവികതയുണ്ട്. ജഗദീഷ് മുന്‍‌കൂര്‍ ജാമ്യം എടുക്കുന്ന തരക്കാരനാണ്” - തിലകന്‍ ആരോപിച്ചു.

“നാലുമാസമായി എന്‍റെ പ്രശ്നം പരിഹാരമില്ലാതെ തുടരുകയാണ്. ശ്രീനാഥിന്‍റെ ആത്മഹത്യയ്ക്കു പിന്നിലെ ദുരൂഹതയും തുടരുന്നു. എന്നാല്‍ നിര്‍മ്മാതാക്കളുടെ സംഘടനയുടെ സമരം നടക്കുമ്പോള്‍ പോക്കിരിരാജ എന്ന മമ്മൂട്ടിച്ചിത്രത്തിന്‍റെ റിലീസ് മുടങ്ങാതിരിക്കാനായി സാംസ്കാരികമന്ത്രി രംഗത്തിറങ്ങി. ആ പ്രശ്നം മിന്നല്‍ വേഗത്തില്‍ പരിഹരിച്ചു. തിലകന്‍ ഇപ്പോള്‍ തൊഴിലില്ലാതെ ജീവിക്കുകയാണ്. ബുധനാഴ്ച നടക്കുന്ന പ്രശ്നപരിഹാര ചര്‍ച്ചയിലേക്ക് എന്നെ ക്ഷണിക്കാത്തത് എന്തുകൊണ്ടാണ്?” - തിലകന്‍ ചോദിച്ചു.

“തെരുവില്‍ നാടകം കളിച്ച് ഞാന്‍ ഈ സര്‍ക്കാരിന്‍റെ തൊലിപൊളിക്കും. ഞാന്‍ തെരുവുനാടകം കളിക്കാനിറങ്ങിയാല്‍ ജനം കൂടും എന്ന് എനിക്കുറപ്പുണ്ട്. പൊലീസും എന്നെ തടയില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊക്കെ ചിലര്‍ എന്നെ ക്ഷണിക്കുന്നുണ്ട്. അതിനൊന്നും ഞാന്‍ പോകില്ല. തൊഴില്‍ നിഷേധം തുടര്‍ന്നാല്‍ പ്രതിഷേധം ശക്തമാക്കാന്‍ തന്നെയാണ് തീരുമാനം” - അദ്ദേഹം അറിയിച്ചു.

അമ്മ, ഫെഫ്ക തുടങ്ങിയ സിനിമാ സംഘടനകളെ താന്‍ പൊളിച്ചടുക്കുമെന്ന് കോട്ടയത്ത് നടന്ന ഒരു യോഗത്തിലും തിലകന്‍ പ്രഖ്യാപിച്ചു. അതേസമയം, തിലകന് ഒരു ഹോളിവുഡ് ചിത്രം കരാറായി. ഐസക് തോമസ് സംവിധാനം ചെയ്യുന്ന ‘ഓള്‍ എലോണ്‍ ഇന്‍ കേരള’ എന്ന കനേഡിയന്‍ ചിത്രത്തില്‍ ഒരു സൈക്കോളജിസ്റ്റിന്‍റെ വേഷത്തിലാണ് തിലകന്‍ അഭിനയിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :