തിരുവനന്തപുരം വിമാനത്താവളത്തില്‍ യൂസേഴ്സ് ഫീ

തിരുവനന്തപുരം| WEBDUNIA|
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യൂസേഴ്സ് ഫീ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. അന്താരാഷ്ട്ര ടെര്‍മിനല്‍ വഴി വിദേശത്തു പോകുന്ന യാത്രക്കാരില്‍ നിന്ന് ഫീ ഈടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കിയത്. എന്നാല്‍ ആഭ്യന്തരയാത്രക്കാര്‍ക്ക് ഫീസ് ഇല്ല. 775 രൂ‍പയാണ് യൂസേഴ്സ് ഫീ ഇനത്തില്‍ ഈടാക്കുക. നേരത്തെ നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളത്തില്‍ യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.

പുതിയ ടെര്‍മിനല്‍ ഉദ്ഘാടനംചെയ്യുന്ന ദിവസം മുതല്‍ ഇത് പ്രാബല്യത്തിലാകും. സര്‍ക്കാരിന്‍റെ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. ടെര്‍മിനല്‍ നിര്‍മിക്കുന്നതിന് 289 കോടി രൂപ ചെലവു വരുമെന്ന് എയര്‍പോര്‍ട്ട് വികസന അതോറിറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് എയര്‍പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്താന്‍ അനുമതി നല്‍കിയത്.

തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരില്‍ 76 ശതമാനത്തോളം പേര്‍ അന്താരാഷ്ട്ര യാത്രക്കാരാണ്. അതിനാല്‍ തന്നെ വികസനത്തിനു വേണ്ട തുക ഇതിലൂടെ സമാഹരിക്കാന്‍ കഴിയുമെന്നാണ് വികസന അതോറിറ്റിയുടെ കണ്ടെത്തല്‍. ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത് ഇടക്കാല നിരക്കാണെന്നും ആവശ്യമെങ്കില്‍ ഭേദഗതിവരുത്താമെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ഇപ്പോള്‍ ബാംഗ്ലൂര്‍, ഹൈദരാബാദ്, ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് യൂസേഴ്‌സ് ഫീ ഈടാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :