പഞ്ചാബ് മോഡല്‍ പ്രസംഗം ശരിയായിരുന്നെന്ന് പിള്ള

കൊച്ചി| WEBDUNIA|
PRO
തന്‍റെ മന്ത്രിസ്ഥാനം നഷ്ടമാക്കിയ പഞ്ചാബ് മോഡല്‍ പ്രസംഗം ശരിയായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണ പിള്ള. കൊച്ചിയില്‍ കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1986ലെ പഞ്ചാബ് മോഡല്‍ പ്രസംഗത്തെ തള്ളിപ്പറയില്ല. വികസനത്തിനുവേണ്ടിയുള്ള ആ മുദ്രാവാക്യം അന്ന്‌ ഉയര്‍ത്തിപ്പിടിച്ചിരുന്നെങ്കില്‍ കേരളാ കോണ്‍ഗ്രസ്‌ കേരളം ഭരിച്ചേനേയെന്നും പിള്ള പറഞ്ഞു. പല സംസ്ഥാനങ്ങളിലും ഘടകകക്ഷികള്‍ വലിയ കക്ഷികളായി മാറിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് അന്ന് തന്‍റെ നിലപാടിനെ അനുകൂലിച്ചിരുന്നെങ്കില്‍ ഇന്ന് വലിയ കക്ഷിയാകാന്‍ കഴിഞ്ഞേനെ.

അന്ന് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനും മന്ത്രിയായിരുന്ന കെ എം മാണിയും തന്‍റെ നിലപാടിനെ എതിര്‍ത്തു. കോച്ച് ഫാക്ടറിക്കായി പഞ്ചാബില്‍ സ്വീകരിച്ച നിലപാട്‌ ഇവിടെയും സ്വീകരിക്കേണ്ടി വരുമെന്നാണ്‌ താന്‍ പറഞ്ഞത്‌. വികസനത്തിനുവേണ്ടിയുള്ള ആ മുദ്രാവാക്യത്തില്‍ ഉറച്ചുനിന്നിരുന്നുവെങ്കില്‍ കേരളാ കോണ്‍ഗ്രസ്‌ അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണത്തിലേറുകയോ ഒരു മുഖ്യമന്ത്രിയെ ലഭിക്കുയോ ചെയ്തേനെ.

കേരളാ കോണ്‍ഗ്രസ്‌ മാണി-ജോസഫ്‌ ലയനം യുഡിഎഫില്‍ ചര്‍ച്ച ചെയ്തശേഷമേ പാടുള്ളൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് ലയിച്ചാല്‍ അത് ശരിയായ ലയനമാകില്ല. യു ഡി എഫ്‌ രൂപംകൊണ്ട കാലംമുതലുള്ള കെ എം മാണി മുന്നണിയില്‍ ഉണ്ടാകണം. മാണി യു ഡി എഫ് വിട്ടു പോകരുത്. എന്നാല്‍ പി ജെ ജോസഫിനെ മുന്നണിയില്‍ എടുക്കാന്‍ കഴിയില്ല. നാറുന്നവരെ ചുമന്നാല്‍ ചുമക്കുന്നവന്‍ നാറുമെന്നും പറഞ്ഞു.

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന 1986ല്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് കാട്ടുന്ന അവഗണനയ്ക്കെതിരെ ആയിരുന്നു പിള്ളയുടെ പ്രസംഗം. അവഗണന തുടര്‍ന്നാല്‍ കേരളവും പഞ്ചാബ്‌ മോഡല്‍ സമരത്തിന്‌ തയ്യാറാവേണ്ടി വരുമെന്നായിരുന്നു പ്രസംഗത്തിന്റെ ചുരുക്കം. ഭരണഘടനാപരമായി സത്യപ്രതിജ്ഞ ചെയ്‌ത ഒരു മന്ത്രി വിഘടനവാദ സമരത്തിന്‌ ആഹ്വാനം ചെയ്യുന്നതിലെ ഗൗരവം ചോദ്യം ചെയ്യപ്പെട്ടതോടെ പിള്ള മന്ത്രിസഭയില്‍ നിന്ന് രാജിവെയ്ക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :