ഇടതു സര്‍ക്കാരിനെതിരെ വീണ്ടും ഇടയലേഖനം

ഇടുക്കി| WEBDUNIA| Last Modified ഞായര്‍, 9 മെയ് 2010 (09:52 IST)
ഇടതു സര്‍ക്കാറിനെതിരെ പള്ളിയില്‍ വീണ്ടും ഇടയലേഖനം വായിച്ചു. ഭൂമി പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി രൂപതയാണ് ഇടയലേഖനം വായിച്ചിരിക്കുന്നത്. വിവിധ ഭൂമി ഉടമസ്ഥതയുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രശ്നങ്ങളും ഉടന്‍ പരിഹരിക്കണം.

കൈയ്യേറ്റവും കുടിയേറ്റവും സര്‍ക്കാര്‍ രണ്ടായിക്കാണണമെന്ന് സര്‍ ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഞായറാഴച രാവിലെ പള്ളിയില്‍ വായിച്ച ഇടയലേഖനത്തിലൂടെ ആവശ്യപ്പെട്ടു. ഇടുക്കി രൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലും ഇതേ ഇടയലേഖനം വായിച്ചു.

ഭൂമി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ റവന്യൂമന്ത്രി സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും ഇടയലേഖനത്തില്‍ ആവശ്യപ്പെട്ടു. ഭൂമി പ്രശ്നങ്ങള്‍ സംബന്ധിച്ച സര്‍വ്വകക്ഷി യോഗം വിളിക്കാമെന്ന റവന്യൂ മന്ത്രിയുടെ വാഗ്ദാനം ആഴ്ചകളായിട്ടും തയ്യാറായിട്ടില്ലെന്നും ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

ഇടുക്കിയിലെ ഭൂമി പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിനും കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കുന്നതു സംബന്ധിച്ച ആലോചന നടത്തുന്നതിനും കട്ടപ്പനയില്‍ സര്‍വകക്ഷി യോഗം വിളിക്കാമെന്നു റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ ഉറപ്പു നല്‍കിയിരുന്നു. ഹൈറേഞ്ച് സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്കാണു മന്ത്രി ഉറപ്പു നല്‍കിയത്.

അര്‍ഹരായ എല്ലാ കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കാന്‍ വേണ്ട നടപടി സ്വീകരിക്കണം. ഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ മെയ് പതിനൊന്നു മുതല്‍ ഇടുക്കി കളക്ട്രേറ്റ് ഉപരോധിക്കുമെന്നും ഇടയലേഖനത്തിലൂടെ അറിയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :