111 രൂപക്ക് റീചാര്‍ജ്ജ്; കിട്ടിയത് ഹോണ്ട സിറ്റി

കൊച്ചി| WEBDUNIA|
ദിവസക്കൂലിക്ക് പണിയെടുക്കാനായി കോലഞ്ചേരിയില്‍ എത്തിയ ബീഹാറുകാരന്‍ ചെറുപ്പക്കാരന്‍ സബിന്‍ പ്രധാന്‍ അന്തംവിട്ടിരിക്കുകയാണ്. വെറും 111 രൂപയ്ക്ക് മൊബൈല്‍ റീചാര്‍ജ്ജ് ചെയ്ത സബിനെ തേടിയെത്തിയത് ഒന്‍പതു ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഒരു ഹോണ്ട സിറ്റി കാറാണ്. എയര്‍ടെല്ലിന്റെ വിഷുകൈനീട്ടം റീ ചാര്‍ജ്‌ ആന്റ്‌ വിന്‍ മത്സരത്തിലാണ് സബിനെ ഭാഗ്യദേവത തേടിയെത്തിയത്.

മലയാളികളുടെ ഉത്സവമായ വിഷുവിനെ പറ്റി സബിന് ഒന്നുമറിയില്ല. 200 രൂപ ദിവസക്കൂലിക്ക്‌ ജോലി ചെയ്യാന്‍ ഒറീസയിലെ കണ്ടമാല്‍ ജില്ലയില്‍നിന്നു കോലഞ്ചേരിയിലെത്തിയ സബിന്‍ വീട്ടിലേക്ക്‌ വിളിക്കാനാണ്‌ നൂറ്റി പതിനൊന്നു രൂപയ്ക്ക്‌ റീചാര്‍ജ്ജ് ചെയ്തത്‌. എയര്‍ടെല്ലില്‍ നിന്ന് സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള വിളി പോലും സബിന് മനസിലായില്ല. മലയാളം വലിയ വശമില്ലാത്ത സബിനോട് സുഹൃത്തുക്കളാണ് സമ്മാനം കിട്ടിയ വിവരം അറിയിച്ചത്.

എയര്‍‌ടെല്‍ ഉദ്യോഗസ്ഥര്‍ ഹോണ്ട സിറ്റിയുടെ താക്കോല്‍ ഏല്‍പ്പിച്ചെങ്കിലും കാറും കൊണ്ട് താന്‍ എന്ത് ചെയ്യണമെന്ന് അറിയാതെ തലപുകയ്ക്കുകയാണിപ്പോള്‍ സബിന്‍. കാര്‍ സ്വന്തമാക്കണമെങ്കില്‍ വേറെയും ചില കടമ്പകളുണ്ട്‌. മോശമല്ലാത്ത ഒരു തുക ഗിഫ്റ്റ്‌ ടാക്സ്‌ ആയി സര്‍ക്കാരിന്‌ നല്‍കണം. അതെങ്ങനെയെങ്കിലും സംഘടിപ്പിച്ചാലും നിലവിലുള്ള ജോലി ഉപയോഗിച്ചു കാറിന്‌ ഇന്ധനം നിറയ്ക്കാന്‍ പോലും സബിന്‍ വിഷമിക്കും.

സത്യത്തില്‍ എയര്‍‌ടെല്ലിന്റെ വിഷുക്കണി ഒരു കെണി പോലെയാണ് സബിന് അനുഭവപ്പെടുന്നതെന്ന് സുഹൃത്തുക്കള്‍ തമാശ പറയുന്നു. അല്‍‌പം കുറഞ്ഞ വിലയ്ക്ക് കാര്‍ മറിച്ചുവിറ്റ് ഈ കെണിയില്‍ നിന്ന് തടിയൂരാനും നാട്ടില്‍ പോയി ആഘോഷമായി ജീവിക്കാനുമാണ് സബിന്റെ പദ്ധതി എന്നറിയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :