റാഗിംഗിനിടയില്‍ കണ്ണ് ഇടിച്ചുപൊട്ടിച്ചു!

WEBDUNIA|
തിരുനെല്‍‌വേലിയിലെ എഞ്ചിനീയറിംഗ് കൊളേജില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥിയുടെ ഒരു കണ്ണ് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ഇടിച്ചുപൊട്ടിച്ചു. തിരുനെല്‍വേലി മരുതകുളം നാഷണല്‍ കോളജ്‌ ഓഫ്‌ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ചങ്ങനാശ്ശേരി ഫാത്തിമാപുരം ജലീല്‍ മന്‍സിലില്‍ അബ്ദുള്‍ മന്നാന്‍ റാവുത്തറുടെ മകന്‍ അബ്ദുല്‍ ലത്തീഫിന്റെ (21) കണ്ണാണ് റാഗിംഗ് ക്രൂരന്മാര്‍ ഇല്ലാതാക്കിയത്. കൊച്ചിയില്‍ വ്യാഴാഴ്ച പത്രസമ്മേളനം നടത്തിയാണ് അബ്‌ദുള്‍ ലത്തീഫ് തന്റെ ദാരുണ കഥ മാധ്യമങ്ങളോട് വിവരിച്ചത്.

ആദ്യ ദിവസം തൊട്ടുതന്നെ മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ റാഗിംഗ് ക്രൂരനാടകങ്ങള്‍ അരങ്ങേറിയിരുന്നുവെത്രെ. ഇവര്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ മര്‍ദ്ദനം ഏറ്റുവാങ്ങുക മാത്രമാണ് ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലുള്ള വഴി. പ്രകൃതിവിരുദ്ധ പ്രവര്‍ത്തികള്‍ക്ക് പോലും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിച്ചിരുന്നതായും ആരോപണമുണ്ട്.

തിരുനെല്‍വേലി മരുതകുളം നാഷണല്‍ കോളജില്‍ ക്രൂരമായ റാഗിംഗ് നടത്തുന്നത് തമിഴ് വിദ്യാര്‍ത്ഥികളല്ല എന്നതാണ് മറ്റൊരു രസകരമായ കാര്യം. കേരളത്തില്‍ നിന്നുള്ള ചില വിദ്യാര്‍ത്ഥികള്‍ തന്നെയാണെത്രെ റാഗിംഗിന് ചുക്കാന്‍ പിടിച്ചിരുന്നത്. കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ നെടുങ്കണ്ടം സ്വദേശി അര്‍ഷദ്‌, ആലപ്പുഴ സ്വദേശി അന്‍സല്‍, കണ്ണൂര്‍ സ്വദേശികളായ സലീം, മുഹമ്മദ്‌, പത്തനംതിട്ട സ്വദേശി ഷഫീസ്‌ എന്നിവരാണ് റാഗിംഗ് വീരന്മാരെന്ന് അബ്‌ദുള്‍ ലത്തീഫ് പറഞ്ഞു.

ഇവര്‍ പറഞ്ഞത് അനുസരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ സംഘം ചേര്‍ന്ന് തന്നെ മൃഗീയമായി മര്‍ദിക്കുകയായിരുന്നുവെന്നും അതിനിടയില്‍ ഒരാള്‍ മുഷ്‌ടിചുരുട്ടി തന്റെ കണ്ണില്‍ ഇടിക്കുകയുമായിരുന്നുവെന്ന് അബ്‌ദുള്‍ ലത്തീഫ് പറയുന്നു. കോളജ്‌ അധികൃതര്‍ പരാതി അവഗണിച്ചതിനെത്തുടര്‍ന്നു ബന്ധുക്കള്‍ തിരുനെല്‍വേലി ജില്ലാ പോലിസ്‌ സൂപ്രണ്ട്‌ അടക്കമുള്ളവര്‍ക്ക്‌ പരാതി നല്‍കിയിട്ടുണ്ടെന്നും അബ്‌ദുള്‍ ലത്തീഫ് പറഞ്ഞു.

രാജ്യത്തെ പല കോളജുകളിലും ക്രൂരമായ റാഗിംഗാണ് അരങ്ങേറുന്നതെങ്കിലും കോളജ് അധികൃതരോ സര്‍ക്കാരോ ഇതൊന്നും കണ്ടതായി നടിക്കാറില്ല. വന്‍ പണച്ചാക്കുകളുടെ മക്കളായിരിക്കും എപ്പോഴും റാഗിംഗിന് മുന്‍‌കൈ എടുക്കുന്നത് എന്നതിനാല്‍ പൊലീസ് ഇവര്‍ക്ക് നേരെ കണ്ണടക്കാറാണ് പതിവ്. റാഗിംഗ് നടന്നുവെന്ന് സമ്മതിക്കുന്നത് കോളജിന് മോശപ്പേരുണ്ടാക്കും എന്നതിനാല്‍ കോളജ് അധികൃതര്‍ ഇത്തരം സംഭവങ്ങള്‍ മൂടിവയ്ക്കുകയും ചെയ്യും. റാഗിംഗ് വീരന്മാരെ ഒതുക്കാന്‍ പൊതുജനം മുന്‍‌കൈയെടുത്ത് ഇറങ്ങേണ്ട ഗതികേടാണ് ഇപ്പോഴുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :