ഒളിക്യാമറ: പ്രതി അഖില്‍ ജോസിന് ജാമ്യം

കോഴിക്കോട്| WEBDUNIA|
PRO
മൊബൈല്‍ ക്യാമറ ഉള്‍പ്പെടെ ഒരു തരത്തിലുള്ള ക്യാമറയും ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശവുമായി കോഴിക്കോട് കേസിലെ പ്രതി അഖില്‍ ജോസിന് ജാമ്യം. ജില്ലാ ജഡ്ജി എം പി ഇസ്മായില്‍ ആണ് ഉപാധികളോടെ അഖിലിന് ജാമ്യം അനുവദിച്ചത്. കോഴിക്കോട് നഗരത്തിലെ സാഗര്‍ ഹോട്ടലിന്‍റെ ടോയ് ലറ്റില്‍ ഒളിക്യാമറ വെച്ച കേസിലാണ് കൂരാച്ചുണ്ട് സ്വദേശിയായ ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ക്യാമറ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശത്തിനു പുറമേ നടക്കാവ് പൊലീസ് സ്റ്റേഷന്‍റെ പരിധി വിട്ടു പോകരുതെന്നുള്ള നിര്‍ദ്ദേശത്തോടെയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ രണ്ടുതവണ ജാമ്യഹര്‍ജി നിരസിച്ച ജില്ലാ സെഷന്‍സ് കോടതി തന്നെയാണ് ഇപ്പോള്‍ ഒരു ലക്ഷം രൂപ വീതമുള്ള രണ്ട് ആള്‍ജാമ്യത്തില്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.

അഡ്വ ടോം തോമസ് മുഖേനയാണ് ജാമ്യഹര്‍ജി ഫയല്‍ ചെയ്തത്. ഒന്നിടവിട്ട ദിവസങ്ങളില്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് പ്രതിയോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റു ചെയ്ത അഖില്‍ 41 ദിവസമായി ജില്ലാ ജയിലില്‍ റിമാന്‍ഡിലായിരുന്നു.

സാഗര്‍ ഹോട്ടലിലെ ജീവനക്കാരനായിരുന്ന അഖില്‍ ജോസ് ഹോട്ടലിന്‍റെ ടോയ്‌ലറ്റില്‍ ഒളിക്യാമറ വെച്ചതിനായിരുന്നു അറസ്റ്റിലായത്. സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റത്തിനെതിരെ ഐ ടി ആക്ടിലെ 66 ഇ, കുട്ടികളുടെ നഗ്നത പകര്‍ത്തലിനെതിരായ ഐ ടി ആക്ടിലെ 67 ബി എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസെടുത്തിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :