തച്ചങ്കരിയുടെ ഹര്‍ജിയില്‍ മുഖ്യമന്ത്രിക്കെതിരെ പരാ‍മര്‍ശം

കൊച്ചി| WEBDUNIA|
ചട്ടം ലംഘിച്ച വിദേശയാത്ര നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് കണ്ണൂര്‍ റേഞ്ച് ഐ ജി പദവിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ടോമിന്‍ ജെ തച്ചങ്കരിയുടെ ഹര്‍ജിയില്‍ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം. സസ്പെന്‍ഡ്‌ ചെയ്‌ത നടപടിക്കെതിരെ തച്ചങ്കരി കൊച്ചിയിലെ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ്‌ ട്രൈബ്യൂണലില്‍ നല്‍കിയ ഹര്‍ജിയിലാണ് പരാമര്‍ശമുള്ളത്.

ഒരു സ്വകാര്യ വാര്‍ത്താചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇടതുമുന്നണിയിലെ പ്രമുഖ പാര്‍ട്ടിയിലെ രാഷ്ട്രീയ പടലപിണക്കങ്ങള്‍ക്ക്‌ താന്‍ ഇരയാവുകയായിരുന്നു. സസ്പെന്‍ഡ്‌ ചെയ്‌ത നടപടി നിയമവിരുദ്ധവും ചട്ടങ്ങളുടെ ലംഘനവുമാണെന്നും ഹര്‍ജിയില്‍ തച്ചങ്കരി ആരോപിക്കുന്നു.

അഡ്വക്കേറ്റ്‌ ഒ വി രാധാകൃഷ്ണന്‍ മുഖേനയാണ് തച്ചങ്കരി ഹര്‍ജി നല്കിയത്. വ്യക്‌തിപരമായ ആവശ്യങ്ങള്‍ക്ക് വിദേശത്തേക്ക്‌ പോകുമ്പാള്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന്‌ അഖിലേന്ത്യാ സര്‍വീസ്‌ ചട്ടങ്ങളില്‍ പറയുന്നില്ല. എന്നാല്‍ ചാര്‍ജ്‌ മെമ്മോ നല്‍കാതെയും പ്രാഥമിക അന്വേഷണം നടത്താതെയും തന്നെ പദവിയില്‍ നിന്ന് സസ്പെന്‍ഡ്‌ ചെയ്യുകയായിരുന്നുവെന്ന് തച്ചങ്കരി പറഞ്ഞു.

ഡി ജി പി, ഇന്‍റലിജന്‍സ്‌ എ ഡി ജി പി, ചീഫ്‌ സെക്രട്ടറി എന്നിവര്‍ തന്നെ സസ്പെന്‍ഡ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഡി ജി പിയെയും ചീഫ്‌ സെക്രട്ടറിയെയും ഔദ്യോഗിക വസതിയിലേക്ക്‌ വിളിച്ചു വരുത്തി തന്‍റെ സസ്പെന്‍ഷനു വേണ്ടി മുഖ്യമന്ത്രി നിര്‍ബന്ധം പിടിക്കുകയായിരുന്നുവെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ അടക്കം ചെയ്ത് സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജിയില്‍ ആരോപിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :