തരൂരിന്‍റെ ഒഴിവിലേക്ക് വേണുഗോപാല്‍?

തിരുവനതപുരം| WEBDUNIA|
PRO
ഐ പി എല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട് കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ശശി തരൂര്‍ രാജിവെച്ച ഒഴിവിലേക്ക് കേരളത്തില്‍ നിന്ന് പകരക്കാരനെ അന്വേഷിക്കുന്ന തിരക്കിലാണ് കോണ്‍ഗ്രസ് നേതൃത്വം. കണ്ണൂര്‍ സ്വദേശിയും ആലപ്പുഴ എം പിയുമായ കെ സി വേണുഗോപാലിനായിരിക്കും നറുക്ക് വീഴുകയെന്നാണ് സൂചനകള്‍. വേണുഗോപാല്‍ നായരായതും തദ്ദേശസ്വയം ഭരണതെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തുവരുന്നതും ഇതിന് കാരണമാണ്.

എന്‍ എസ് എസുമായി വേണുഗോപാലിനുള്ള അടുപ്പവും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് വേണുഗോപാലിനോടുള്ള താല്പര്യവും ഇതിന് സഹായകമാകുമെന്നാണ് കരുതുന്നത്. ശശി തരൂര്‍ നായരായിരുന്നെങ്കിലും ‘ഡല്‍ഹി നായരാ’ണെന്നായിരുന്നു എന്‍ എസ് എസിന്‍റെ ആരോപണം. മറ്റു സമുദായങ്ങള്‍ക്ക് ആവശ്യത്തിന് പ്രാതിനിധ്യം ഇപ്പോള്‍ പാര്‍ട്ടിയില്‍ ഉള്ളതിനാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ആയിരിക്കും മന്ത്രിനിര്‍ണയത്തില്‍ കോണ്‍ഗ്രസിന്‍റെ മുന്‍ഗണന.

എന്നാല്‍, വേണുഗോപാലിനെക്കാളും സീനിയറായ കോഴിക്കോട് എംപി എം കെ രാഘവനാണ് വേണുഗോപാലിന്‍റെ ക്യാമ്പിന് ഭീഷണി. കേന്ദ്രപ്രതിരോധമന്ത്രി എ കെ ആന്‍റണിയുമായി രാഘവനുള്ള അടുപ്പം അദ്ദേഹത്തിന് തുണയാകുമെന്നാണ് രാഘവന്‍ ക്യാമ്പ് പ്രതീക്ഷിക്കുന്നതും. എന്നാല്‍ രാഘവനെക്കാള്‍ കൂടുതലായി കോണ്‍ഗ്രസ് നേതൃത്വവുമായും എന്‍ എസ് എസ് ക്യാമ്പുമായും അടുപ്പമുള്ളത് വേണുഗോപാലിന് തുണയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടുമാസത്തിനകം പുന:സംഘടന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :