ബാക്കി ചോദിച്ചു, യാത്രക്കാരിക്ക് കണ്ടക്ടറുടെ അടി

കൊച്ചി| WEBDUNIA|
PRO
സ്വകാര്യബസില്‍ കയറുമ്പോള്‍ ഇനി ചില്ലറയുമായി പോകാന്‍ ശ്രമിക്കുക. കാരണം, കൊച്ചിയില്‍ ഇന്ന് ബസില്‍ യാത്ര ചെയ്ത യുവതി ടിക്കറ്റ് നിരക്കിന്‍റെ ബാക്കി ചോദിച്ചപ്പോള്‍ കിട്ടിയത് കണ്ടക്ടര്‍ വക അടി. കൊച്ചി കലൂര്‍ സ്വദേശിനി അംബികയ്ക്കാണ് ഈ ദുര്യോഗം.

കലൂരിന് സമീപം മാതൃഭൂമി ജംഗ്ഷനില്‍ നിന്നായിരുന്നു ബസില്‍ കയറിയത്. കച്ചേരിപ്പടിക്ക് ടിക്കറ്റെടുത്ത അംബിക ഇറങ്ങാന്‍ സമയമായപ്പോള്‍ ബാക്കി ലഭിക്കാനുണ്ടായിരുന്ന ഒരു രൂപ അമ്പതു പൈസ നല്കാന്‍ കണ്ടക്ടറോട് ആവശ്യപ്പെട്ടു. കണ്ടക്ടര്‍ തുക നേരിട്ട്‌ നല്‍കാതെ ക്ലീനറെ ഏല്‍പ്പിക്കുകയായിരുന്നു. ഇത്‌ ചോദ്യം ചെയ്തതിനാണ്‌ തന്‍റെ മുഖത്ത്‌ എല്ലാവരും കാണ്‍കേ അടിച്ചതെന്ന്‌ അംബിക പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് ഇടുക്കി സ്വദേശിയായ കണ്ടക്ടര്‍ ഫിറോസ് ബസില്‍ നിന്ന് ഇറങ്ങി ഓടി. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. അതേസമയം, കണ്ടക്ടറുടെ പേര്‌ അറിയില്ലെന്നാണ്‌ ഡ്രൈവര്‍ പറയുന്നത്‌. എന്നാല്‍ ഇടുക്കി സ്വദേശിയായ ഇയാള്‍ ബസിലെ സ്ഥിരം ജീവനക്കാരനാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, സംഭവത്തില്‍ ഇടപെടുമെന്ന്‌ സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ ജസ്റ്റിസ്‌ ഡി ശ്രീദേവി അറിയിച്ചു. പൊലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെങ്കില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുമെന്നും ശ്രീദേവി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :