ക്ലബ്ബിലെ വസ്ത്രാക്ഷേപം: പോള്‍സണെതിരെ കേസ്

തിരുവനന്തപുരം| WEBDUNIA|
PRO
തലസ്ഥാന നഗരിയിലെ ഉന്നതരുടെ വിനോദകേന്ദ്രമായ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ ഒരു പാര്‍ട്ടിക്കിടെ യുവതിയെ വസ്ത്രാക്ഷേപം ചെയ്ത സംഭവത്തില്‍ ആലപ്പാട് പോള്‍സണെതിരെ പൊലീസ് കേസെടുത്തു. ക്ലബ്ബ് ഭാരവാഹികളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്.

ശനിയാഴ്ചയാണ് സംഭവമുണ്ടായത്. ക്ലബ്ബില്‍ ഒരു ബിസിനസ് ഗ്രൂപ്പ് നടത്തിയ സല്‍ക്കാരത്തിനിടെയായിരുന്നു സംഭവം. ഇതില്‍ അവതാരകയായി എത്തിയ യുവതിയെ മദ്യലഹരിയില്‍ പോള്‍സണ്‍ കയറിപ്പിടിക്കാന്‍ നോക്കുകയായിരുന്നു. യുവതി ഭയന്ന് ഓടി മറ്റ് മുറികളില്‍ അഭയം തേടുകയായിരുന്നു.

ക്ലബ്ബ് ഭാരവാഹികള്‍ ഇടപെട്ട് സംഭവം ഇരുചെവിയറിയാതെ ഒതുക്കി തീര്‍ക്കുകയും ചെയ്തു. എന്നാല്‍ ഇന്നലെ ക്ലബ്ബിലെ മറ്റൊരു വിഭാഗം സംഭവം പൊലീസിനെ അറിയിക്കുകയും വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയുമായിരുന്നു.

യുവതിക്ക് പരാതിയില്ലാത്തതിനാല്‍ കേസെടുക്കേണ്ടെന്ന നിലപാടായിരുന്നു പൊലീസ് ആദ്യം സ്വീകരിച്ചിരുന്നത്. എന്നാല്‍ സ്ത്രീകള്‍ക്കെതിരെ ആക്രമണം നടന്നാല്‍ യുവതിക്ക് പരാതിയില്ലെങ്കിലും സാക്ഷികള്‍ ഉണ്ടെങ്കില്‍ കേസെടുക്കാമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതമായത്. മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്.

ക്ലബ്ബില്‍ നിന്നും പോള്‍സണെതിരെ അച്ചടക്കനടപടി ഉണ്ടാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ക്ലബ്ബിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പോള്‍സണെ പുറത്താക്കും. പൊലീസ് ആസ്ഥാനത്തിന് തൊട്ടടുത്താണ് ട്രിവാന്‍ഡ്രം ക്ലബ്ബ്. നേരത്തെയും ക്ലബ്ബിലെ പ്രവര്‍ത്തനങ്ങളും വിവാദത്തിനും വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഇത്തരമൊരു സംഭവം ക്ലബ്ബില്‍ നിന്നും പുറം ലോകത്ത് വാര്‍ത്തയാകുന്നത് ആദ്യമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :