മുതിര്‍ന്ന നേതാക്കള്‍ രാഷ്ട്രീയ ബകന്മാര്‍: യൂത്ത് കോണ്‍ഗ്രസ്

കൊല്ലം| WEBDUNIA|
PRO
എന്തു കിട്ടിയാലും മതിയാകാത്ത രാഷ്ട്രീയ ബകന്മാരായി കോണ്‍ഗ്രസ് നേതാക്കള്‍ മാറിയിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ തയ്യാറാക്കിയ സംഘടനാ പ്രമേയത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയുള്ള യൂത്തിന്‍റെ പ്രതിഷേധം. സംസ്ഥാന സമിതി രാഷ്ട്രീയ, സംഘടനാ പ്രമേയങ്ങള്‍ക്ക്‌ അംഗീകാരം നല്‍കി.

മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ മാത്രമല്ല പാര്‍ട്ടി നയങ്ങള്‍ക്കെതിരെയും സംഘടനാപ്രമേയത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ചില നേതാക്കള്‍ പുത്രന്‍റെ യൗവ്വനം കടം ചോദിച്ച യയാതിയെപ്പോലെയാണെന്നും പ്രമേയത്തില്‍ വിമര്‍ശിയ്ക്കുന്നുണ്ട്.

സി പി എമ്മില്‍ നിന്ന്‌ പുറത്ത്‌ വരുന്നവരെ യാതൊരു തടസവുമില്ലാതെ സ്വീകരിക്കുന്ന പാര്‍ട്ടി നിലപാടിനെയും പ്രമേയത്തില്‍ ചോദ്യം ചെയ്യുന്നുണ്ട്. സി പി എമ്മില്‍ നിന്ന് നേരിട്ടെത്തുന്നവരെ അരിയിട്ട്‌ വാഴിക്കുന്ന പാര്‍ട്ടി നിലപാട്‌ അംഗീകരിക്കാനാവില്ലെന്ന് പ്രമേയത്തില്‍ പറയുന്നു. അനിവാര്യമായും നേതൃത്വത്തിലുണ്‌ടാവേണ്‌ടവരെ നിലനിര്‍ത്തി രണ്‌ടാം നിര നേതാക്കള്‍ യുവാക്കള്‍ക്കായി വഴി മാറി കൊടുക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

സംസ്ഥാനത്ത് യു ഡി എഫ്‌ അധികാരത്തിലെത്തുമ്പോള്‍ ഈര്‍ക്കില്‍ പാര്‍ട്ടികള്‍ സ്വന്തം വകുപ്പുകള്‍ സാമ്രാജ്യമാക്കി വെക്കാനാണ്‌ ശ്രമിക്കുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. അനര്‍ഹമായ പരിഗണനയാണ്‌ ചെറിയ പാര്‍ട്ടികള്‍ക്ക്‌ ലഭിക്കുന്നതെന്നും പ്രധാനപ്പെട്ട വകുപ്പുകള്‍ ഘടക കക്ഷികള്‍ക്ക്‌ നല്‍കാതെ കോണ്‍ഗ്രസ്‌ തന്നെ വഹിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. സാമുദായിക സംഘടനകള്‍ക്കും നേതാക്കള്‍ക്കും പാര്‍ട്ടി പലപ്പോഴും വശംവദരാകുന്നതിനെയും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :