ഈസ്റ്ററിനു മുമ്പ് ആവശ്യമുള്ളവര്‍ ശമ്പളം വാങ്ങിയാല്‍ മതി
തൃശൂര്‍, ശനി, 20 മാര്‍ച്ച് 2010( 18:11 IST )
PRO
ഈസ്റ്ററിനു മുമ്പ് ശമ്പളം വേണമെന്നുള്ളവര്‍ മാത്രം ഏപ്രില്‍ മാസത്തെ ശമ്പളം കൂടി ഈ മാസം തന്നെ വാങ്ങിയാല്‍ മതിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഈസ്റ്റര്‍ പ്രമാണിച്ച് ഏപ്രില്‍ മാസത്തെ ശമ്പളം ഈ മാസം കൊടുക്കാനുള്ള തിരുമാനം ജീവനക്കാര്‍ക്കു മേല്‍ അടിച്ചേല്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ശമ്പളം എങ്ങനെ വാങ്ങണമെന്ന് ജീവനക്കാര്‍ക്ക് ഇഷ്ടം പോലെ തിരഞ്ഞെടുക്കാം. ഈസ്റ്ററിനു മുമ്പ് ശമ്പളം വേണമെന്നുള്ളവര്‍ക്ക് ഈ മാസം തന്നെ അതു വാങ്ങാവുന്നതാണ്. അല്ലാത്തവര്‍ക്കു പതിവു പോലെ അടുത്ത മാസം വാങ്ങാം.
ഏപ്രില്‍ മാസത്തെ ശമ്പളം കൂടി ഈ മാസം തന്നെ വാങ്ങുന്നവരില്‍ ചിലര്‍ 13 മാസത്തെ ശമ്പളത്തിന് ആദായ നികുതി കൊടുക്കേണ്ടി വരും. സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരില്‍ വളരെ ചെറിയൊരു വിഭാഗത്തിനു മാത്രമേ ആദായ നികുതി ബാധകമാവൂ. ഇക്കാരണത്താലാണ് ഇങ്ങനെയൊരു തീരുമാനത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.
സംസ്ഥാനത്തു മണലിനു റേഷന്‍ ഏര്‍പ്പെടുത്താനോ, മണല്‍ വില നിയന്ത്രണത്തിനു സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്താനോ ഉദ്ദേശിക്കുന്നില്ല. ട്രഷറികളിലെ തിരക്കു കൈകാര്യം ചെയ്യുന്നതു സംബന്ധിച്ചു ‘കില’യില്‍ ട്രഷറി ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.