സ്വന്തം വീടിന് മുന്നില്‍ കളിക്കുകയായിരുന്ന രണ്ടുവയസുകാരിയുടെ മുഖം തെരുവുപട്ടി കടിച്ച് വികൃതമാക്കി. ഒരു ഒമ്പതുവയസുകാരനെയും ഈ നായ കടിച്ചിട്ടുണ്ട്. നെല്ലിക്കട്ടയില്‍ പാടി വില്ലേജ് ഓഫീസിന് സമീപം വാടകവീട്ടില്‍ താമസിക്കുന്ന മുഹമ്മദിന്റെ മകള്‍ ഫാത്തിമയെയാണ് നായ കടിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലിനാണ് സംഭവം. മുഖത്ത് പരിക്കേറ്റ കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഫാത്തിമയെ കടിച്ച തെരുവുനായ ഉപ്പയോടൊപ്പം വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ഒമ്പതുകാരനെയും കടിച്ച് പരിക്കേല്‍പ്പിച്ചു. ചെര്‍ളടുക്കയിലെ അബ്ദുള്ളയുടെ മകന്‍ അബ്ദുള്‍സലാമിനാണ് നായയുടെ കടിയേറ്റത്. കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുജ്കാര്‍ തെരുവുനായയെ കല്ലെറിഞ്ഞും വടികൊണ്ടടിച്ചും കൊന്നു. നായയ്ക്ക് പേ ബാധിച്ചതായി സംശയമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
ചെങ്കള പഞ്ചായത്തിലെ നെല്ലിക്കട്ട, അതൃക്കുഴി, ബിലാല്‍നഗര്‍, എതിര്‍തോട്, എടനീര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവുനായ്ക്കള്‍ ജനജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്നത്. എടനീര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയേയും മൂന്നുമാസം മുമ്പ് ഭ്രാന്തന്‍ നായ കടിച്ചിരുന്നു. അറവ് ശാലകളിലെയും ഹോട്ടലുകളിലെയും മാലിന്യം രാത്രികാലങ്ങളില്‍ പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച് എടനീര്‍, എതിര്‍തോട്, നെല്ലിക്കട്ട ഭാഗങ്ങളിലെ റോഡില്‍ തള്ളുന്നതാണ് തെരുവുപട്ടികള്‍ വര്‍ദ്ധിക്കുന്നതിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
(ഫോട്ടോയ്ക്ക് കടപ്പാട് - coolsrini.blogspot.com - കൂള്‍ശ്രീനി ഡോട്ട് ബ്ലോഗ്‌സ്പോട്ട് ഡോട്ട് കോം)