കൊല്ലം മേയര്‍ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്ത സി പി എം അംഗം ടി വേണുഗോപാലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. അടിയന്തിരമായി ചേര്‍ന്ന സി പി എം ഏരിയാ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
കൂറുമാറി വോട്ടു ചെയ്തതിനാണ് വേണുഗോപാലിനെ സസ്പെന്‍ഡ് ചെയ്തത്. വോട്ട് അസാധുവാക്കിയ ബേസിന്‍ ലാലിനോട് വിശദീകരണം ചോദിക്കാനും ഏരിയാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
ഇന്ന് നടന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ സി പി എമ്മിലെ വി രാജേന്ദ്രബാബുവിനെ മേയറായി തെരഞ്ഞെടുത്തിരുന്നു. കോര്‍പറേഷന്‍റെ മൂന്നാമത്തെ മേയറാണ് വി രാജേന്ദ്രബാബു.
രണ്ടായിരത്തില്‍ കോര്‍പ്പറേഷന്‍ നിലവില്‍ വന്നതു മുതല്‍ ആദ്യ അഞ്ചു വര്‍ഷം സി പി എമ്മിലെ സബിത ബീഗമായിരുന്നു മേയര്‍. തുടര്‍ന്ന് മേയറായ എന്‍ പത്മലോചനന്‍ അടുത്തിടെ ആര്‍ എസ് എസ് വേദിയില്‍ പോയത് വിവാദമായിരുന്നു. തുടര്‍ന്ന് പത്മലോചനനെ പാര്‍ട്ടി മേയര്‍ സ്ഥാനത്തു നിന്ന് നീക്കുകയായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പുതിയ തെരഞ്ഞെടുപ്പ്.