കോഴിക്കോട് നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ സ്ത്രീകളുടെ ടോയ്‌ലറ്റില്‍ ഒളിക്യാമറ ഉപയോഗിച്ച് ചിത്രീകരണം നടത്തിയ സംഭവത്തില്‍ മര്‍ദ്ദനത്തിനിരയായ രാഹുലിന് ആശുപത്രി വികസന ഫണ്ടില്‍ നിന്ന് ചികിത്സാസഹായം നല്കും. ജില്ലാ കളക്ടര്‍ പി ബി സലീമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് കോഴിക്കോട് ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലാണ് തീരുമാനം.
ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഉച്ചയ്ക്കായിരുന്നു കോഴിക്കോട് സര്‍വ്വകക്ഷിയോഗം വിളിച്ചത്. സാഗര്‍ ഹോട്ടലിന്‍റെ ലൈസന്‍സ് റദ്ദാക്കുന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയതിനു ശേഷം തീരുമാനിക്കും. ഏപ്രില്‍ 15നകം ഇത്തരത്തില്‍ ചൂഷണം നടക്കാന്‍ സാധ്യതയുള്ള ഹോട്ടലുകളില്‍ സ്പെഷ്യല്‍ സ്ക്വാഡുകള്‍ പരിശോധന നടത്താനും ഇന്നു ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. നേരത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഹോട്ടലിലേക്കു പ്രകടനം നടത്തിയതിനെ തുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ഹോട്ടലിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു.
ഒളിക്യാമറ പ്രയോഗം നടത്തിയ കേസിലെ പ്രതിക്കെതിരെ കുട്ടികളുടെ അശ്ലീലദൃശ്യം പകര്‍ത്തിയതിന് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നടത്തിയ കൂടുതല്‍ പരിശോധനയിലാണ് ഇത്തരം ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ഇതനുസരിച്ചുള്ള പുതിയ റിപ്പോര്‍ട്ട് പൊലീസ് കോടതിക്ക് നല്‍കി