സംസ്ഥാനത്ത് കനത്ത വേനല്‍ച്ചൂടിനെ തുടര്‍ന്ന് പാലക്കാട് ആളുകള്‍ക്ക് പൊള്ളലേറ്റ സാഹചര്യത്തില്‍ തൊഴിലുറപ്പു പദ്ധതിയുടെ സമയം പുന:ക്രമീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. രാവിലെ ഏഴുമണി മുതല്‍ പതിനൊന്നു മണി വരെയും ഉച്ചയ്ക്കു ശേഷം മൂന്നു മണിമുതല്‍ ആറുമണി വരെയുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
പാലക്കാട് ജില്ലയില്‍ സൂര്യാഘാതമേറ്റ് ആറു പേര്‍ ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സ തേടിയിരിക്കുകയാണ്. ഈ സാചര്യത്തില്‍ ജോലിസമയം പുന:ക്രമീകരിക്കുന്ന കാര്യം ആലോചനയിലാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഇന്ന് നിയമസഭയില്‍ അറിയിച്ചിരുന്നു. അതിനായി കലക്ടര്‍ക്കു നിര്‍ദേശവും നല്കിയിരുന്നു.
കൂടാതെ, സൂര്യാഘാതം ഉണ്ടാക്കുന്ന സാഹചര്യത്തെക്കുറിച്ച് പഠിക്കാന്‍ പാലക്കാട് ജില്ലയിലേക്കു വിദഗ്ദ്ധ സംഘത്തെയും അയയ്ക്കും.സൂര്യാഘാതം സംബന്ധിച്ചു വിശദമായ പഠനം നടത്തുന്നതിനായി ശാസ്‌ത്രജ്ഞര്‍ ഇന്നു തന്നെ പാലക്കാട്ടെത്തിയേക്കും.
സൂര്യതാപത്തില്‍ പൊള്ളലേറ്റ് കഴിഞ്ഞ രണ്ടു ദിവസത്തിനിടയില്‍ ആറു പേരാണു പാലക്കാട് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയത്. കൂടാതെ സൂര്യാഘാതമേറ്റ് പാലക്കാട് ഒരു പശുവും ചത്തിരുന്നു.