കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രധാന പ്രതി സൂഫിയ മദനിക്ക് അവരുടെ ജാമ്യവ്യവസ്ഥയില്‍ പ്രത്യേക സി ബി ഐ കോടതി ഇളവ് അനുവദിച്ചു. എറണാകുളം ജില്ല വിട്ടുപോകാനുള്ള അനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
നാളെമുതല്‍ വരുന്ന പത്തു ദിവസത്തേക്ക് സൂഫിയയ്ക്ക് ജില്ല വിട്ടു പോകാവുന്നതാണെന്നും കോടതി പറഞ്ഞു. ഭര്‍ത്താവിന് രോഗം ബാധിച്ച് ചികിത്സയിലായിരിക്കുന്നതിനാല്‍ അദ്ദേഹത്തെ കാണുന്നതിനും, മാതാവിന് ശാരീരിക അസ്വസ്ഥത ഉണ്ടായിരിക്കുന്നതിനാല്‍ അവരെ കാണുന്നതിനുമാണ് സൂഫിയ ജാമ്യവ്യവസ്ഥയില്‍ ഇളവ് അപേക്ഷിച്ച് കോടതിയെ സമീപിച്ചത്.
ദേശീയ അന്വേഷണ ഏജന്‍സിയുടെ എതിര്‍പ്പ് അവഗണിച്ചാണ് സി ബി ഐ പ്രത്യേക കോടതി സൂഫിയയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. കളമശ്ശേരിയില്‍ ബസ് കത്തിക്കല്‍ കേസില്‍ സൂഫിയ മദനിക്ക് പങ്കുണ്ടെന്നതിന് തെളിവുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) സി ബി ഐ പ്രത്യേക കോടതിയില്‍ ബോധിപ്പിച്ചിരുന്നു. കളമശ്ശേരിയില്‍ ബസ് കത്തിച്ചതിനു ശേഷം പ്രതികള്‍ സൂഫിയയെ വിളിച്ചതിനു തെളിവുണ്ടെന്നും എന്‍ ഐ എ കോടതിയില്‍ പറഞ്ഞിരുന്നു.
കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ സൂഫിയയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. കര്‍ശന വ്യവസ്ഥകളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സൂഫിയ സമര്‍പ്പിച്ച ഹര്‍ജില്‍ വിശദമായ വാദം കേള്‍ക്കവെയാണ് എന്‍ ഐ എ ഇക്കാര്യം കോടതിയില്‍ പറഞ്ഞത്.