ന്യൂഡല്‍ഹി, ബുധന്‍, 10 മാര്‍ച്ച് 2010( 16:38 IST )
PRO
വിവാദമായ എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ സമര്‍പ്പിച്ച ക്രിമിനല്‍ റിട്ട് ഹര്‍ജി നേരത്തെ പരിഗണിച്ചതില്‍ ക്രമക്കേടില്ലെന്ന് സുപ്രീംകോടതി രജിസ്ട്രാര്‍ വ്യക്തമാക്കി. ഹര്‍ജിയില്‍ അന്തിമവാദം നേരത്തേ കേള്‍ക്കുന്നതിന് തീരുമാനിച്ച സാഹചര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.
അഭിഭാഷകനായ സുള്‍ഫിക്കര്‍ അലി ആയിരുന്നു വിവരാവകാശ നിയമപ്രകാരം സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കിയത്. ഈ അപേക്ഷയിലാണ് സുപ്രീംകോടതി ഹര്‍ജി നേരത്തെ പരിഗണിച്ചതിനുള്ള സാഹചര്യങ്ങള്‍ വ്യക്തമാക്കിയത്.
സുപ്രീംകോടതി രജിസ്ട്രാര്‍ കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസ് നേരത്തേ പരിഗണിക്കാന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും 1966 ലെ സുപ്രീംകോടതി നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് രജിസ്ട്രാര്‍ കോടതിക്ക് ഇതിന് അധികാരമുള്ളതെന്നും കോടതി വ്യക്തമാക്കിയത്.
തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ സംസ്ഥാന ഗവര്‍ണര്‍ അനുമതി നല്‍കിയതിനെ ചോദ്യം ചെയ്ത് സി പി എം സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുത മന്ത്രിയുമായിരുന്ന പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്തിമവാദം കേള്‍ക്കാന്‍ നാലു മാസത്തിനകം സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു.