ദുബായില്‍ നിന്ന് കേരളത്തിലേക്കും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും 500 കോടിയുടെ കാര്‍ കടത്തിയതുമായി ബന്ധപ്പെട്ട് മലയാളി പ്രതിസ്ഥാനത്ത്. തിരുവല്ല സ്വദേശിയായ അലക്സ് ജോസഫ് എന്നയാള്‍ 1998 മുതല്‍ നടത്തിവരുന്ന കാര്‍ കടത്തുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങള്‍ ഡി ആര്‍ ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ്) കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അലക്സിന്‍റെ വ്യാജ പാസ്പോര്‍ട്ടും ഏറ്റവും പുതിയ ചിത്രങ്ങളും ഡി ആര്‍ ഐ കോടതിയില്‍ സമര്‍പ്പിച്ചു. അലക്സിനെ ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇയാളെക്കുറിച്ചുള്ള എല്ലാവിധ വിശദാംശങ്ങളും ഡി ആര്‍ ഐ മാധ്യമങ്ങള്‍ക്കും നല്കിയിട്ടുണ്ട്.
മുഖ്യപ്രതിയായ അലക്സ് ജോസഫ് 500 കോടിയുടെ വിദേശ കാര്‍ ഇടപാട് നടത്തിയെന്നാണ് ഡി ആര്‍ ഐയുടെ കണ്ടെത്തല്‍. ദുബായില്‍ നിന്ന് കേരളമടക്കം രാജ്യത്തെ വിവിധ തുറമുഖങ്ങളിലേക്കാണ് ഇയാള്‍ ഹവാല ഇടപാട് നടത്തിയത്. 1998 മുതല്‍ ഇക്കാര്യം അന്വേഷിക്കുന്നുണ്ടെങ്കിലും ഇതിനെക്കുറിച്ചുള്ള ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇതിനിടെ കേരളത്തിലേക്കും രാജ്യത്തെ മറ്റ് ഇടങ്ങളിലും അലക്സ് വന്നു പോയിരുന്നെങ്കിലും ഇയാളെക്കുറിച്ചുള്ള ഒരു വിവരവും ലഭ്യമായിരുന്നില്ല. ‘അദൃശ്യനായ മനുഷ്യന്‍’ എന്നായിരുന്നു ഇയാളെ ഡി ആര്‍ ഐ വിശേഷിപ്പിച്ചിരുന്നത്. കാര്‍ കടത്തുമായി ബന്ധപ്പെട്ട രേഖകളില്‍ ഒന്നും ഇയാളുടെ പേരുണ്ടായിരുന്നില്ല. അയച്ചതാരാണെന്നുള്ളിടത്ത് ഒപ്പ് ഉണ്ടായിരുന്നില്ല. ഇക്കാരണത്താല്‍ ഇതിനെക്കുറിച്ചോ ഇയാളെക്കുറിച്ചോ അറിയാന്‍ ഡി ആര്‍ ഐക്ക് കഴിഞ്ഞിരുന്നില്ല
1998 മുതല്‍ ഇയാള്‍ നികുതി കൂടാതെ വിദേശത്തു നിന്ന് കാറുകള്‍ അയച്ചു തുടങ്ങിയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ഡി ആര്‍ ഐയ്ക്ക് വിവരം ലഭിച്ചിരുന്നെങ്കിലും ഇയാളെ കണ്ടെത്താനോ ഇയാളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാനോ കഴിഞ്ഞിരുന്നില്ല. മലയാളത്തില്‍ നിന്നുള്ള സിനിമാ താരങ്ങള്‍, മുംബൈയില്‍ നിന്നുള്ള രാഷ്ട്രീയക്കാര്‍, ബോളിവുഡ് താരങ്ങള്‍ എന്നിവര്‍ക്കായിരുന്നു അലക്സ് കാര്‍ എത്തിച്ചു കൊടുത്തിരുന്നത്. കാര്‍ കടത്തുന്നതിന് നിയമപരമായി തടസമുണ്ടായിരുന്നു. എന്നാല്‍, ഉപയോഗിച്ചിരുന്ന കാര്‍ എന്ന പേരിലാണ് അലക്സ് കാര്‍ രാജ്യത്തേക്ക് കടത്തിയിരുന്നത്.
ഇതിനിടെ 35 ബി എം ഡബ്ല്യൂ കാറുകള്‍ക്ക് ഇയാള്‍ ദുബായില്‍ ഒരുമിച്ച് ഓര്‍ഡര്‍ നല്കിയിരുന്നതായും ഡി ആര്‍ ഐക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ വിശദാംശങ്ങളും ഡി ആര്‍ ഐ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ കാര്‍ ഡീലിങ്ങിനായി ദുബായില്‍ ‘അലക്സ്’ എന്ന പേരില്‍ ഒരു സ്ഥാപനവും ഇയാള്‍ തുടങ്ങിയിരുന്നു. ദുബായില്‍ അലക്സ് എന്നപേരില്‍ കഴിഞ്ഞിരുന്ന ഇയാള്‍ നാട്ടിലേക്കു വരാനും പോകാനുമായി ഉപയോഗിച്ചിരുന്നത് വ്യാജ പാസ്പോര്‍ട്ടുകളായിരുന്നു. ഏറ്റവും അവസാനമായി ഇയാള്‍ ഉപയോഗിച്ച പാസ്പോര്‍ട്ട് അബി ജോണ്‍ എന്ന പേരിലുള്ളതായിരുന്നു. സാമ്പത്തിക കുറ്റകൃത്യത്തിന്‍റെ പേരില്‍ കോഫേപോസ അനുസരിച്ചുളള വാറന്‍റും അലക്സിനെതിരായുണ്ട്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21ാം തീയതി ഇയാള്‍ മുംബൈയില്‍ എത്തുമെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ പിടികൂടാനായി ഡി ആര്‍ ഐ മുംബൈ വിമാനത്താവളത്തില്‍ വല വിരിച്ചിരുന്നു. എന്നാല്‍ ഉന്നതസ്വാധീനം ഉപയോഗിച്ച് ഇയാള്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കെതിരെ അന്വേഷണം നടത്തുന്നതിന് നിയമപരമായി തടസം ഡി ആര്‍ ഐക്ക് ഉണ്ടായിരുന്നു. കരാറുകള്‍ ദുബായില്‍ വെച്ചാണ് ഒപ്പു വെയ്ക്കുന്നത് എന്നതായിരുന്നു ഒരു പ്രധാന കാരണം. ഇതിനാല്‍ തന്നെ രാജ്യാന്തര അന്വേഷണ ഏജന്‍സികളുടെ സഹായം ഇക്കാര്യത്തില്‍ ഡി ആര്‍ ഐയ്ക്ക് ലഭിക്കേണ്ടതുണ്ട്.