മാതൃഭൂമി മാത്രമല്ല മനോരമയും ഭൂമികയ്യേറി!

encroachment
മഞ്ചേരി| WEBDUNIA|
PRO
PRO
മാതൃഭൂമി ഡയറക്‌ടറും എം‌എല്‍‌എയുമായ എംവി ശ്രേയാംസ് കുമാര്‍ ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി കയ്യേറിയെന്ന് ആരോപണം നില‌നില്‍‌ക്കേ, മനോരമാക്കുടുംബവും ഭൂമി കയ്യേറിയെന്ന് ആരോപണം. വടക്കന്‍ കേരളത്തില്‍ നിന്നുള്ള ഒരു മാധ്യമമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. പന്തല്ലൂര്‍ ദേവസ്വത്തില്‍ നിന്നു പാട്ടത്തിനെടുത്ത എണ്ണൂറോളം ഏക്കര്‍ പ്രദേശമാണെത്രെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള യങ്ങ്‌ ഇന്ത്യ എസ്റ്റേറ്റ്‌ കയ്യേറി, സ്വന്തമാണെന്ന് വാദിക്കുന്നത്.

പന്തല്ലൂര്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശമുള്ള കോഴിക്കോട്‌ സാമൂതിരി മാനവ വിക്രമരാജ 1943 ആഗസ്ത്‌ 23-നാണു ദേവസ്വത്തിന്റെ കീഴിലുള്ള 786.71 ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്കു വിധേയമായി 60 വര്‍ഷത്തെ പാട്ടത്തിന് കോട്ടയത്തെ തിരുവല്ല കടപ്പുറം മുറിയില്‍ തയ്യില്‍ മാമന്‍ മകന്‍ ചെറിയാനു നല്‍കിയത്‌. റബര്‍, കാപ്പി, തേയില തുടങ്ങിയ കാര്‍ഷികവിളകള്‍ കൃഷി ചെയ്യാനാണ് ഭൂമി പാട്ടത്തിന് നല്‍‌കിയത്.

ആദ്യത്തെ 30 വര്‍ഷത്തിന് പ്രതിവര്‍ഷം 350 രൂപ പ്രകാരവും പിന്നീടുള്ള 30 വര്‍ഷം പ്രതിവര്‍ഷത്തിനു 500 രൂപ പ്രകാരവുമാണ് പാട്ടം നിശ്ചയിച്ചത്‌. പാട്ടക്കാലാവധി അവസാനിക്കുന്ന 2003 ആഗസ്ത്‌ 25നു ശേഷം പാട്ടക്കാര്‍ക്കു ഭൂമിയില്‍ ഒരവകാശവും ഉണ്ടായിരിക്കുന്നതല്ലെന്നും മൂന്നുവര്‍ഷം തുടര്‍ച്ചയായി പാട്ടമടയ്ക്കുന്നതു ലംഘിച്ചാല്‍ കരാര്‍ ദുര്‍ബലമാവുമെന്നും വ്യവസ്ഥയുണ്ടായിരുന്നു.

എന്നാല്‍ 1974 വരെ പാട്ടസംഖ്യ അടച്ച യങ്ങ്‌ ഇന്ത്യ എസ്റ്റേറ്റ്‌ അതിനു ശേഷം ഭൂമി സ്വന്തമാക്കാനാനുള്ള ശ്രമമാരംഭിച്ചുവെത്രെ. ഇതിനായി ഭൂമിയുടെ പേരില്‍ സ്വന്തം കരമടയ്ക്കുകയും പട്ടയത്തിന്‌ അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ 1978 ഒക്ടോബര്‍ 20നു മലപ്പുറം ഡപ്യൂട്ടി കളക്‌ടര്‍ ഇവരുടെ പട്ടയ അപേക്ഷ തള്ളി. ബാലന്നൂര്‍ പ്ലാന്റേഷന്‍ മാനേജര്‍, തയ്യില്‍ എസ്റ്റേറ്റ്‌ മേരി മാമന്‍, സാറാ മാമന്‍, ഓമന മാമന്‍, ജേക്കബ്‌ മാത്യു, മീരാ ഫിലിപ്‌, ശാന്തമ്മാ മാമന്‍, അനു മാമന്‍ എന്നിവരാണ് പട്ടയത്തിനു വേണ്ടി അപേക്ഷ നല്‍കിയിരുന്നത്‌.

പാട്ടം കൃത്യമായി അടയ്ക്കുക എന്ന കാരാര്‍ വ്യവസ്ഥ പാലിക്കാത്തതിനാല്‍ കാലാവധിക്കു ശേഷം കരാര്‍ പുതുക്കരുതെന്ന് ആവശ്യപ്പെട്ട് 2002-ല്‍ ക്ഷേത്ര സംരക്ഷണ സമിതി മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‌ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു 2002 ഒക്ടോബര്‍ 30നു ക്ഷേത്രം സന്ദര്‍ശിച്ച അന്നത്തെ പ്രതിപക്ഷ നേതാവ്‌ വിഎസ്‌, ഇവരുടെ വാദം സത്യമാണെന്ന് കണ്ടെത്തുകയും ഇവരുടെ ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികള്‍ ഹൈക്കോടതിയെ സമീപിച്ചു. അന്യായമായി കൈവശം വച്ച ഭൂമി ക്ഷേത്ര ഭാരവാഹികള്‍ക്കു വിട്ടുകൊടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. അതിനെ തുടര്‍ന്ന് ഏറനാട്‌ അഡീഷനല്‍ തഹസില്‍ദാര്‍ വി കെ സുരേന്ദ്രന്‍ ഭൂമിയില്‍ നിന്നു ഒഴിയാന്‍ കൈയേറ്റക്കാരോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കൈയേറ്റക്കാര്‍ ഹൈക്കോടതിയില്‍ നിന്നു സ്റ്റേ സമ്പാദിക്കുകയായിരുന്നുവെത്രെ‌.

ഭൂമി കയേറ്റങ്ങള്‍ തടയാനും നിലവിലെ ഭൂമി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും വി‌എസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ തീവ്രനടപടികള്‍ കൈക്കൊള്ളുമ്പോള്‍ പന്തല്ലൂര്‍ ക്ഷേത്രത്തിന് ഉടമസ്ഥാവകാശമുള്ള ഭൂമി തിരികെ ലഭിക്കുമെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ പ്രതീക്ഷ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :