മൂന്നാറില്‍ ടാറ്റ നിര്‍മ്മിച്ച തടയണകള്‍ പൊളിച്ചു നീക്കുന്നത് സംബന്ധിച്ച കേസില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റിവച്ചു. കേസില്‍ സര്‍ക്കാരിന്‍റെയും ടാറ്റയുടെയും വാദം ഇന്ന് പൂര്‍ത്തിയായിരുന്നു. വിധി വരുന്നതുവരെ തടയണകള്‍ പൊളിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ എന്ന് വിധി പ്രഖ്യാപിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.
തടയണകള്‍ പൊളിക്കണമെന്ന് ഉത്തരവിറക്കാന്‍ ജില്ലാ കളക്ടര്‍ക്ക് അധികാരമില്ലെന്ന് ടാറ്റയുടെ അഭിഭാഷകന്‍ ഇന്നും കോടതിയില്‍ വ്യക്തമാക്കി. സ്വകാര്യ ആവശ്യത്തിനു വേണ്ടിയല്ല തടയണകള്‍ നിര്‍മിച്ചതെന്നും തൊഴിലാളികള്‍ക്കും വന്യജീവികള്‍ക്കും കുടിവെള്ളം ലഭ്യമാക്കാനാണെന്നും ടാറ്റയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
എന്നാല്‍ ജലസ്ത്രോതസുകളിലെ അവകാശം സര്‍ക്കാരിനാണെന്നും മന്ത്രിസഭയുടെ നിര്‍ദേശമനുസരിച്ചാണ് കളക്ടര്‍ ഉത്തരവിറക്കിയതെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചു. തടയണകള്‍ പൊളിച്ചു നീക്കരുതെന്നും ആവശ്യമെങ്കില്‍ ഇവ സര്‍ക്കാരിന് കൈമാറാമെന്നും ടാറ്റ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.