ന്യൂഡല്‍ഹി, തിങ്കള്‍, 8 ഫെബ്രുവരി 2010( 18:00 IST )
ആതിരപ്പിള്ളി പദ്ധതി വീണ്ടും വിവാദത്തില്‍. പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്കിയതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേശ് പറഞ്ഞു.
സൈലന്‍റ് വാലി പോലെ സംരക്ഷിക്കപ്പെടേണ്ടതാണ് ആതിരപ്പള്ളിയും. പരിസ്ഥിതി ആഘാതം സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് വൈദ്യുതി ബോര്‍ഡിനോട് വിശദീകരണം ആവശ്യപ്പെട്ടത്. ബോര്‍ഡിന്‍റെ വിശദീകരണം അടക്കമുള്ള കാര്യങ്ങള്‍ വിദഗ്ദ സമിതി പരിശോധിക്കുമെന്നും ജയറാം രമേശ് വ്യക്തമാക്കി.
അതേസമയം രാഷ്ട്രീയ അഭിപ്രായമല്ല വിദഗ്ദാഭിപ്രായമാണ് ആതിരപ്പള്ളി ജലവൈദ്യുതി പദ്ധതിയെപ്പറ്റി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയറാം രമേശ് പറയേണ്ടതെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി എ കെ ബാലന്‍ പറഞ്ഞു. പദ്ധതിയെപ്പറ്റി കേന്ദ്രമന്ത്രിക്ക് ഒന്നും അറിയില്ലെന്നതിന്‍റെ തെളിവാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന. മൂന്നു പ്രാവശ്യം കേന്ദ്രാനുമതി ലഭിച്ച പദ്ധതി അട്ടിമറിക്കാന്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തനം നടക്കുന്നതായി ബാലന്‍ പറഞ്ഞു.