തടയണ പൊളിക്കല്‍: എതിര്‍ വാദങ്ങളുമായി വീണ്ടും ടാറ്റ
കുമളി, തിങ്കള്‍, 8 ഫെബ്രുവരി 2010( 16:59 IST )
മൂന്നാറിലെ പാട്ടഭൂമിയില്‍ തങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്ന തടയണകള്‍ പൊളിച്ചു മാറ്റാന്‍ ഉത്തരവിറക്കാന്‍ കളക്ടര്‍ക്ക് അധികാരമില്ലെന്ന് ടാറ്റ. ഇന്ന് തെളിവെടുപ്പിനായി ഇടുക്കി കളക്ടര്‍ അശോക് കുമാര്‍ സിംഗിന് മുമ്പാകെ തെളിവ് നല്കാനെത്തിയ ടാറ്റ ഉദ്യോഗസ്ഥരാണ് നിലപാട് വ്യക്തമാക്കിയത്.
മൂന്നാറിലെ പാട്ട ഭുമിയില്‍ തങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്ന ഡാം പൊളിക്കാനുള്ള ഉത്തരവിറക്കാനും കാരണം കാണിക്കലിന് നോട്ടീസ് നല്കാനും ജില്ലാ കളക്ടര്‍ക്ക് അധികാരമില്ല. ഡാം സുരക്ഷാ അധികൃതര്‍ നിര്‍ദ്ദേശിച്ചാല്‍ തടയണകള്‍ പൊളിക്കാന്‍ തയ്യാറാണെന്നും ടാറ്റ അധികൃതര്‍ വ്യക്തമാക്കി.
ടാറ്റയുടെ ലീഗല്‍ അഡ്വൈസര്‍ ജോസഫ് കൊടിയന്തറ, ടാറ്റ ടീ സീനിയര്‍ മാനേജര്‍ പ്രതാപ് രാംദാസ് എന്നിവരടക്കം കമ്പനിയുടെ അഞ്ച് പ്രതിനിധികളാണ് കളക്ടറുടെ ചേംബറില്‍ എത്തിയത്. ഉച്ചയ്ക്ക് 12.45 ന് തുടങ്ങിയ ഹിയറിംഗ് മൂന്നേകാലോടെയാണ് അവസാനിച്ചത്.