കല്‍പ്പറ്റ, തിങ്കള്‍, 8 ഫെബ്രുവരി 2010( 15:28 IST )
വയനാട്ടില്‍ സി പി എമ്മിന്‍റെ നേതൃത്വത്തില്‍ വീണ്ടും ആദിവാസികളുടെ ഭൂമി കൈയേറ്റം. വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും ജനതാദള്‍ നേതാവുമായ ജോര്‍ജ് പോത്തന്‍റെ കൈവശമുള്ള കല്പറ്റ വെള്ളാരംകുന്നിലെ ഭൂമിയിലാണ് ആദിവാസ ക്ഷേമസമിതി സംഘടനയുടെ നേതൃത്വത്തില്‍ കൈയേറിയത്
അറുപത്തിയേഴ് ഏക്കര്‍ ഭൂമിയില്‍ മുന്നൂറോളം പേരാണ് പ്രവേശിച്ചിരിക്കുന്നത്. പൊലീസ് ഉപരോധം ഭേദിച്ചാണ് എ കെ എസ് പ്രവര്‍ത്തകര്‍ ഭൂമിയില്‍ പ്രവേശിച്ചത്. സി പി എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ തന്നെയാണ് ഭൂമി കൈയേറ്റത്തിനു നേതൃത്വം നല്കുന്നത്.
ഇന്നു മുതല്‍ ഇവിടെ കുടില്‍ കെട്ടി താമസിക്കുമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. വ്യാജ രേഖകളുണ്‌ടാക്കി ജോര്‍ജ് പോത്തന്‍ കൈവശപ്പെടുത്തിയതാണ് വെള്ളാരംകുന്നിലെ ഭൂമിയെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
ഭൂമി കൈയേറ്റം സംബന്ധിച്ച് റവന്യൂമന്ത്രി ഇന്ന് എ കെ എസ് ഭാരവാഹികളുമായി ചര്‍ച്ച നടത്തും. ഇന്നലെ ജില്ലാ കളക്ടര്‍ എ കെ എസ് പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയിരുന്നു. റവന്യൂ ഭൂമിയാണെന്നും ഇപ്പോള്‍ കൈയേറരുതെന്നും പിന്നീട് തീരുമാനിക്കാമെന്നും കളക്ടര്‍ പറഞ്ഞിരുന്നെങ്കിലും എ കെ എസ് പ്രവര്‍ത്തകര്‍ ഇത് നിഷേധിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യു ഡി എഫ് അടിയന്തിരയോഗം ഇപ്പോള്‍ കല്പറ്റയില്‍ നടക്കുകയാണ്.
അതേസമയം, ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ലേജില്‍ എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എയുടെ കൈവശ ഭൂമിയില്‍ കൈയേറിയ കുടുംബങ്ങളുടെ എണ്ണം 45 ആയി. ഇവിടേയ്ക്ക് കൂടുതല്‍ ആദിവാസികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.