പോള്‍ വധക്കേസിലെ പ്രതികളെ നാളെ എറണാകുളം സി ജെ എം കോടതിയില്‍ ഹാജരാക്കണം. ഇതിനായി എറണാകുളം സി ജെ എം കോടതി പ്രൊഡക്ഷന്‍ വാറന്‍റ് പുറപ്പെടുവിച്ചു.
പോള്‍ വധക്കേസുമായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ റിമാന്‍ഡ് കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് കോടതി പ്രൊഡക്ഷന്‍ വാറന്‍റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്നു രാവിലെ സി ബി ഐ കോടതിയിലെത്തി പ്രൊഡക്ഷന്‍ വാറന്‍റ് പുറപ്പെടുവിക്കാന്‍ അപേക്ഷ നല്കിയിരുന്നു.
രാമങ്കരി കോടതിയിലായിരുന്നു കേസ് സംബന്ധിച്ച നടപടികള്‍ നടന്നിരുന്നതെങ്കിലും കേസ് സി ബി ഐ ഏറ്റെടുത്തതിനെ തുടര്‍ന്ന് സി ജെ എം കോടതിയിലേക്ക് കേസ് സംബന്ധിച്ച എല്ലാ രേഖകളും മാറ്റിയിരുന്നു. കേസില്‍ സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നു.
കേസിന്‍റെ അന്വേഷണ ചുമതല ഏറ്റെടുത്ത സി ബി ഐ സംഘം കേസിലെ തൊണ്ടി സാധനങ്ങള്‍ ഈ മാസമാദ്യം ഏറ്റുവാങ്ങിയിരുന്നു. 'എസ്' കത്തി അടക്കം 170 തൊണ്ടി സാധനങ്ങളാണ് അന്വേഷണ സംഘം രാമങ്കരി കോടതിയില്‍ നിന്ന് ഏറ്റുവാങ്ങിയത്.