മലയാള സിനിമയിലെ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ‘ഫെഫ്ക’ നടന്‍ തിലകന്‍ ആക്ഷേപിക്കുന്നതുപോലെ ഒരു മാഫിയാ സംഘമല്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന്‍. തിലകന്‍റെ പ്രസ്താവനകള്‍ക്കെതിരെ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിലൂടെ പ്രതികരിക്കുകയായിരുന്നു ഉണ്ണികൃഷ്ണന്‍. സംവിധായകന്‍ സിബി മലയിലും ഉണ്ണികൃഷ്ണനൊപ്പമുണ്ടായിരുന്നു.
ലോകപ്രശസ്ത സംവിധായകനായ അടൂര്‍ ഗോപാലകൃഷ്ണന്‍ മുതല്‍ ലൊക്കേഷനില്‍ ഭക്ഷണം വിളമ്പിക്കൊടുക്കുന്ന പ്രൊഡക്ഷന്‍ ബോയ്സ് വരെയുള്ളവരുടെ ശക്തമായ സംഘടനയാണ് ഫെഫ്ക. ‘ഇന്നലെ കുരുത്ത തകര’യെന്നും ‘മാഫിയാ സംഘ’മെന്നുമൊക്കെയാണ് തിലകന്‍ ഫെഫ്കയെ അധിക്ഷേപിച്ചത്. എന്തുകൊണ്ടാണ് ഇതിനെതിരെ നിങ്ങള്‍ പ്രതികരിക്കാത്തതെന്ന് നാലുപാടു നിന്നും ചോദ്യമുയര്‍ന്നതിനാലാണ് ഇപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറാകുന്നത് - ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
ഞങ്ങള്‍ ഏറ്റവും സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് തിലകന്‍. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ നടത്തുന്നത് വ്യാജ പ്രസ്താവനകളും അപവാദപ്രചരണവും അസത്യപ്രഖ്യാപനങ്ങളുമാണ്. അതിഹീനമായ രീതിയില്‍ മലയാള സിനിമയില്‍ ജാതി പറയുന്നത് തിലകനാണ്. ‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’ എന്ന സിനിമയില്‍ നിന്ന് തിലകനെ ഒഴിവാക്കണമെന്ന് ഞാന്‍ ഫിലിം ചേംബറിന് കത്തെഴുതിയെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഇക്കാര്യം തെളിയിച്ചാല്‍ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറിസ്ഥാനം രാജിവയ്ക്കാന്‍ ഞാന്‍ തയ്യാറാണ് - ഉണ്ണികൃഷ്ണന്‍ വെല്ലുവിളിച്ചു.
ഫെഫ്കയുടെ ഒരു ഭാരവാഹി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ നിന്ന് തിലകനെ ഒഴിവാക്കിയതെന്ന് ആ സിനിമയുടെ നിര്‍മ്മാതാവായ വര്‍ണചിത്ര സുബൈര്‍ പറഞ്ഞിരുന്നു. ഇതേക്കുറിച്ച് സുബൈറില്‍ നിന്ന് വിശദീകരണം തേടണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഫെഫ്ക കത്തെഴുതിയിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
ഫെഫ്കയ്ക്കും സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിക്കുമെതിരെ പരസ്യമായി പ്രസ്താവനകള്‍ നടത്തുന്നതിന് തിലകനെതിരെ നടപടിയെടുക്കാനൊരുങ്ങുകയാണ് ഫെഫ്ക.