കരുനാഗപ്പള്ളി പുത്തന്‍തെരുവില്‍ വാതക ടാങ്കറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പൊള്ളലേറ്റ് കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ പ്രദീപാണ് ഒടുവില്‍ മരിച്ചത്. ചവറ സ്റ്റേഷനിലെ കോണ്‍സ്റ്റബിളാണ് പ്രദീപ്. പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പുത്തന്‍ തെരുവ് സ്വദേശി ബിജു, റഷീദ്(30) എന്നിവര്‍ നേരത്തേ മരിച്ചിരുന്നു. രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
ആകെ ഇരുപതോളം പേര്‍ക്കാണ് പൊള്ളലേറ്റിട്ടുള്ളത്. പുലര്‍ച്ചെ മൂന്നരയോടെ വാതക ടാങ്കര്‍ ഒരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ടാങ്കര്‍ തലകീഴായി മറിഞ്ഞ ടാങ്കറില്‍ നിന്ന് വാതകം ചോര്‍ന്ന് തീ പിടിക്കുകയായിരുന്നു.
പ്രദേശവാസികളെ കൂട്ടത്തോടെ ഒഴിപ്പിച്ചിട്ടുണ്ട്. സംഭവസ്ഥലത്തിനടുത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു പൊലീസ് ജീപ്പ് പൂര്‍ണ്ണമായി കത്തിനശിച്ചു. ഏതാണ്ട് പത്ത് ഇരുചക്രവാഹനങ്ങളും പത്തോളം കടകളും ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്.
കൊല്ലം ചവറ സ്റ്റേഷനിലെ എസ് ഐ ഷുക്കൂറും ഏതാനും പൊലീസുകാരും പരുക്കേറ്റവരില്‍ ഉള്‍പ്പെടും. അപകടസ്ഥലത്തു നിന്ന് ഏകദേശം ഇരുന്നൂറുമീറ്റര്‍ അകലെ പാര്‍ക്ക് ചെയ്തിരുന്ന പൊലീസ് ജീപ്പിലുണ്ടായിരുന്നവരാണ് ഇവര്‍. സ്റ്റാര്‍ട്ട് ചെയ്തപ്പോഴുണ്ടായ സ്പാര്‍ക്കില്‍ നിന്നാണ് ജീപ്പിലേക്ക് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.
പരുക്കേറ്റവരില്‍ ഒമ്പത് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും രണ്ടുപേരെ ആലപ്പുഴ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്ന് പേരെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
കരുനാഗപ്പള്ളി സബ്ജില്ലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ പാതയിലൂടെയുള്ള ഗതാഗതവും പൂര്‍ണ്ണമായി തടസപ്പെട്ടിരിക്കുകയാണ്.