കോഴിക്കോട് ഇരട്ടസ്ഫോടന കേസിലെ പ്രതി അബ്ദുള്‍ ഹാലിമിനെ സിബിഐ പ്രത്യേക കോടതി പതിന്നാലു ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍റ് ചെയ്തു. എറണാകുളം സബ് ജയിലിലേക്കാണ് ഹാലിമിനെ അയച്ചത്.
തന്നെ കോഴിക്കോട് സബ് ജയിലിലേക്ക് അയയ്ക്കണമെന്നും കോടതിയുടെ നിരീക്ഷണത്തില്‍ കേസ് നടത്തണമെന്നും ഉള്ള ഹാലിമിന്‍റെ അപേക്ഷ കോടതി നിരാകരിച്ചു. കോഴിക്കോട് സ്ഫോടനത്തില്‍ ഹാലിമിന്‍റെ പങ്കു വെളിപ്പെടുത്തുന്ന തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു.
ഹാലിമിനെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് കേസിന്‍റെ അന്വേഷണം ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനായി പ്രത്യേക അപേക്ഷ നല്‍കണമെന്നും മറ്റ് നിയമതടസങ്ങള്‍ ഒന്നുമില്ലെന്നും കോടതി വ്യക്തമാക്കി.
കോഴിക്കോട് സബ് ജയിലിലായിരുന്ന ഹാലിമിനെ സായുധ പൊലീസിന്‍റെ അകമ്പടിയോടെയാണ് കൊച്ചിയിലെത്തിച്ചത്. കോഴിക്കോട് സ്ഫോടന കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്ത ശേഷം കേസിന്‍റെ വിചാരണ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റിയിരുന്നു.