കരുനാഗപ്പള്ളി, വ്യാഴം, 31 ഡിസംബര്‍ 2009( 12:56 IST )
PRO
കരുനാഗപ്പള്ളി പുത്തന്‍തെരുവില്‍ വാതകടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് പടര്‍ന്നു പിടിച്ച തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതായി അഗ്നിശമന സേന അറിയിച്ചു. പതിനൊന്നരയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
എന്നാല്‍ ടാങ്കറില്‍ നിന്ന് വാതകം ഇപ്പോഴും ചോരുന്നുണ്ട്. അതുകൊണ്ടുതന്നെ ഇനിയും തീ പടര്‍ന്നുപിടിക്കാനുള്ള സാധ്യതയുണ്ടെന്നും അഗ്നിശമന സേന മുന്നറിയിപ്പ് നല്‍കി. തീ പിടുത്തം തടയുന്നതിനുള്ള എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ട്. അപകടം നടന്നതിന്‍റെ ഏതാനും മീറ്റര്‍ ചുറ്റളവില്‍ മൊബൈല്‍ ഫോണുകളുടെ പ്രവര്‍ത്തനം ഉള്‍പ്പെടെ വിലക്കിയിട്ടുണ്ട്.
ഈ ഭാഗത്തെ വൈദ്യുതബന്ധവും ടെലിഫോണ്‍ ബന്ധവും വിച്ഛേദിച്ചിരിക്കുകയാണ്. വീടുകളില്‍ തീ കൊളുത്തരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അന്തരീക്ഷ ഊഷ്മാവിന്‍റെ വ്യതിയാനത്തില്‍ ടാങ്കറില്‍ വീണ്ടും പൊട്ടിത്തെറിയുണ്ടാകാതിരിക്കാന്‍ വെള്ളം പമ്പുചെയ്ത് ടാങ്കര്‍ തണുപ്പിക്കുന്നുണ്ട്.
അപകടം നടന്ന റോഡുവഴിയുള്ള ഗതാഗതവും പൂര്‍ണ്ണമായി പുനസ്ഥാപിച്ചിട്ടില്ല. എറണാകുളം കൊല്ലം ചവറ കുണ്ടറ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്ത് ക്യാമ്പു ചെയ്യുന്നുണ്ട്.