കരുനാഗപ്പള്ളി, വ്യാഴം, 31 ഡിസംബര്‍ 2009( 10:21 IST )
PRO
കരുനാഗപ്പള്ളി പുത്തന്‍തെരുവില്‍ വാതക ടാങ്കറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന റഷീദ് (30) എന്നായാളാണ് മരിച്ചത്. നാലുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
മരിച്ച റഷീദ് മത്സ്യവ്യാപാരിയാണ്. ആകെ ഇരുപതോളം പേര്‍ക്കാണ് പൊള്ളലേറ്റിട്ടുള്ളത്. പുലര്‍ച്ചെ മൂന്നരയോടെ വാതക ടാങ്കര്‍ ഒരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ടാങ്കര്‍ തലകീഴായി മറിഞ്ഞ ടാങ്കറില്‍ നിന്ന് വാതകം ചോര്‍ന്ന് തീ പിടിക്കുകയായിരുന്നു.
പ്രദേശവാസികളെ കൂട്ടത്തോടെ ഒഴിപ്പിച്ചിട്ടുണ്ട്. സംഭവസ്ഥലത്തിനടുത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു പൊലീസ് ജീപ്പ് പൂര്‍ണ്ണമായി കത്തി നശിച്ചു. ഏതാണ്ട് പത്ത് ഇരുചക്രവാഹനങ്ങളും പത്തോളം കടകളും ഭാഗീകമായി കത്തിനശിച്ചിട്ടുണ്ട്.
കൊല്ലം ചവറ സ്റ്റേഷനിലെ എസ്‌ഐ ഷുക്കൂറും ഏതാനും പൊലീസുകാരും പരുക്കേറ്റവരില്‍ ഉള്‍പ്പെടും. അപകടസ്ഥലത്തു നിന്ന് ഏകദേശം ഇരുന്നൂറുമീറ്റര്‍ അകലെ പാര്‍ക്ക് ചെയ്തിരുന്ന പൊലീസ് ജീപ്പിലുണ്ടായിരുന്നവരാണ് ഇവര്‍. സ്റ്റാര്‍ട്ട് ചെയ്തപ്പോഴുണ്ടായ സ്പാര്‍ക്കില്‍ നിന്നാണ് ജീപ്പിലേക്ക് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.
പരുക്കേറ്റവരില്‍ 9 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും രണ്ടുപേരെ ആലപ്പുഴ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്ന് പേരെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
കരുനാഗപ്പള്ളി സബ്ജില്ലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ പാതയിലൂടെയുള്ള ഗതാഗതവും പൂര്‍ണ്ണമായി തടസപ്പെട്ടിരിക്കുകയാണ്.