തിരുവനന്തപുരം, വ്യാഴം, 26 നവംബര്‍ 2009( 14:20 IST )
PRO
അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ കരിഞ്ചന്തക്കാര്‍ക്കും പൂഴ്ത്തിവെയ്പുകാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാരോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് വ്യക്തമാക്കി.
വിലക്കയറ്റം നേരിടാനായി സപ്ലൈകോയ്ക്ക് കുടിശ്ശിഖ ഇനത്തില്‍ 55 കോടി രൂപ നല്‍കും. ഹോര്‍ട്ടി കള്‍ച്ചര്‍ കോര്‍പ്പറേഷന്‍ കണ്‍സ്യൂമര്‍ ഫെഡ് തുടങ്ങിയവ വഴി സബ്സിഡി നിരക്കില്‍ പച്ചക്കറികള്‍ നല്‍കും. പഴം പച്ചക്കറി കിറ്റുകള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ സബ്സിഡി അനുവദിക്കും.
പട്ടണങ്ങളില്‍ ന്യായവിലഹോട്ടലുകള്‍ ആരംഭിക്കും. പാലക്കാട് നിന്നും പച്ചക്കറി നേരിട്ട് സംഭരിക്കാന്‍ ഹോര്‍ട്ടി കോര്‍പ്പ് കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കാനും യോഗം തീരുമാനിച്ചു. മാവേലി സ്റ്റോറുകളുടെ കടം തീര്‍ക്കും. കുത്തകകളെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും കേന്ദ്രത്തില്‍ നിന്ന് യാതൊരു സഹായവും ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഭക്‍ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി സി ദിവാകരന്‍ കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ ചീഫ് സെക്രട്ടറി നീലഗംഗാധരന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.