എറണാകുളത്ത് യുവാവിന് നേരെ വെടിവെയ്പ്. പനങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. കുട്ടുങ്കല്‍ പാടത്ത് കുഞ്ഞുമോന്‍ എന്നയാള്‍ക്കാണ് വെടിയേറ്റത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് സംഭവത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.
കുഞ്ഞുമോനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇയാളുടെ നില ഗുരുതരമല്ല. വിനോദ് എന്നയാളാണ് വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു.
ഗുണ്ടാ ആക്ട് പ്രകാരം നേരത്തെ ജയിലില്‍ കിടന്നിട്ടുള്ള ആളാണ് വിനോദ്. കഞ്ചാവ് ലോബിയുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. കുഞ്ഞുമോനും ഇത്തരത്തിലുള്ള ബന്ധങ്ങള്‍ ഉണ്ടായിരുന്നതായിട്ടാണ് പൊലീസിന്‍റെ വിശദീകരണം.
നാലംഗ സംഘമായി എത്തിയാണ് വിനോദ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. ഏത് തരത്തിലുള്ള തോക്കില്‍ നിന്നാണ് വെടിയേറ്റതെന്ന് പൊലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.