സ്‌മാര്‍ട് സിറ്റി: തയ്യാറെന്ന് മുത്തൂറ്റ് ഗ്രൂപ്പ്
തിരുവനന്തപുരം, വ്യാഴം, 26 നവംബര്‍ 2009( 10:38 IST )
PRO
PRO
കൊച്ചിയിലെ സ്‌മാര്‍ട് സിറ്റി പദ്ധതി നടപ്പാക്കാന്‍ തയ്യാറാണെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്. ഇന്ന് രാവിലെ കൊച്ചിയില്‍ ചേര്‍ന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ ഡയറക്‌ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പദ്ധതി നടപ്പാക്കാന്‍ തയ്യാറാണെന്ന് മാത്രമാണെന്നാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. മറ്റ് വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ടീകോം ഇല്ലെങ്കിലും സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. സ്മാര്‍ട്ട് സിറ്റി പദ്ധതി നടത്തിപ്പിനായി മറ്റ് കമ്പനികളെ പരിഗണിക്കുന്ന കാര്യം ആലോചിച്ചു വരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുത്തൂറ്റ് ഗ്രൂപ്പ് തീരുമാനം അറിയിച്ചിരിക്കുന്നത്.
സ്മാര്‍ട്സിറ്റി പദ്ധതിയുടെ നടത്തിപ്പുകാരായ ടീകോമിന്‍റെ സാമ്പത്തിക സ്ഥിതി ദയനീയമാണെന്നും അവരെപ്പറ്റി പല കേന്ദ്രങ്ങളില്‍ നിന്നും സര്‍ക്കാരിന് വിവരം ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
പരസ്യപ്രസ്താവനയെ തുടര്‍ന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ദുബായിലെ തങ്ങളുടെ ക്യാമ്പസുകള്‍ സന്ദര്‍ശിക്കാന്‍ ടീകോം ഇന്നലെ ക്ഷണിച്ചിരുന്നു. ടീകോം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു ടീകോമിന്‍റെ ക്ഷണം.