തിരുവനന്തപുരം, ബുധന്‍, 25 നവംബര്‍ 2009( 13:03 IST )
PRO
കൊച്ചിയിലെ നിര്‍ദിഷ്ട സ്മാര്‍ട്സിറ്റി പദ്ധതിയുടെ നടത്തിപ്പുകാരായ ടീകോമിന്‍റെ സാമ്പത്തിക സ്ഥിതി തുലോം ദയനീയമാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. അവരെപ്പറ്റി പലകേന്ദ്രങ്ങളില്‍ നിന്നും സര്‍ക്കാരിന് വിവരം ലഭിക്കുന്നുണ്ടെന്നും മാള്‍ട്ടയിലെ പദ്ധതിയൊക്കെ ടീകോം ഉപേക്ഷിച്ചുവെന്നും തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
സ്മാര്‍ട്ട് സിറ്റി പദ്ധതി നടത്തിപ്പിനായി മറ്റ് കമ്പനികളെ പരിഗണിക്കുന്ന കാര്യം ആലോചിച്ചുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എണ്ണയുത്പാദനത്തില്‍ നിന്ന് കിട്ടിയ പണം അമേരിക്കന്‍ ബാങ്കുകളില്‍ നിക്ഷേപിച്ചതാണ് ടീകോമിന് വിനയായത്. സാമ്പത്തിക മാന്ദ്യത്തില്‍ ആ ബാങ്കുകള്‍ തകര്‍ന്നതാണ് അവരുടെ പ്രതിസന്ധിയ്ക്കു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാബറി മസ്ജിദ് തകര്‍ക്കാന്‍ ഒത്താശ ചെയ്തു കൊടുത്ത കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പു പറയണം. ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ വെച്ചതുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവാദിത്തം തീരുന്നില്ല. സംഭവത്തില്‍ കുറ്റക്കാരായവരെ ശിക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം.
മസ്ജിദ് തകര്‍ക്കാന്‍ ഒത്താശ ചെയ്തു കൊടുത്തവരാണ് അന്നത്തെ നരസിംഹറാവു സര്‍ക്കാര്‍. ആ സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായിരുന്നു ഇപ്പോഴത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. അന്നു സംഭവിച്ച തെറ്റുകള്‍ ഏറ്റുപറയാന്‍ കോണ്‍ഗ്രസ് തയ്യാറവണ. നാടാര്‍ സമുദായത്തിലെ രണ്ട് വിഭാഗങ്ങള്‍ക്ക് മാത്രം സംവരണം നല്‍കിയ വിദഗ്ധ സമിതിയുടെ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇപ്പൊഴെടുത്തിട്ടുള്ള തീരുമാനം അന്തിമമാണ്. ഇ സമുദായത്തിലെ കൂടുതല്‍ വിഭാഗങ്ങളെ സംവരണ പട്ടികയില്‍ പരിഗണിക്കണമോയെന്ന് വിദഗ്ധ സമിതി തീരുമാനിക്കും. സംവരണമെന്നത് പെട്ടെന്ന് തൊടാന്‍ പറ്റാത്ത വിഷയമാണെന്നും വി എസ് പറഞ്ഞു.
നിര്‍ദിഷ്ട മെഡിക്കല്‍ സര്‍വകലാശാലയ്ക്ക് തൃശൂരില്‍ സ്ഥലം അനുവദിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ആറു ഡോക്ടര്‍മാരുടേതുള്‍പ്പെടെ 46 പുതിയ തസ്തിക സൃസ്ഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
തിരുവനന്തപുരം സ്പിന്നിംഗ് മില്ലിന്‍റെ സ്ഥലം ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്‍റെ പുതിയ യൂണിറ്റിനായി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ആഭ്യന്തരവകുപ്പില്‍ 3000 ഹോം ഗാര്‍ഡ്സുമാരെ നിയമിക്കുമെന്നും തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.