തിരുവനന്തപുരം, ചൊവ്വ, 24 നവംബര്‍ 2009( 13:50 IST )
PRO
ഭക്ഷണത്തിന് വിലകൂടിയാലും ജനങ്ങള്‍ക്ക് പ്രയാസമില്ലെന്ന് പറയുന്ന ഭക്‍ഷ്യ മന്ത്രി സംസ്ഥാനത്തെ ജനങ്ങളെ പരിഹസിക്കുകയണെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടുമ്പോഴാണ് മന്ത്രി ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. മന്ത്രി ദിവാകരന്‍ ഈ ലോകത്തിലല്ല ജീവിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഭക്‍ഷ്യ മന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയോട് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. കേരളത്തില്‍ ഭക്ഷണസാധനങ്ങള്‍ക്കു വിലക്കയറ്റമുണ്ടെന്ന് പത്രങ്ങള്‍ വെറുതെ എഴുതുന്നതാണെന്ന ഭക്‍ഷ്യ മന്ത്രി സി ദിവാകരന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. അരിവില ഒന്നോ, രണ്ടോ രൂപ കൂടിയാലും ആളുകള്‍ക്കു പ്രയാസമില്ല. ആളുകളുടെ കയ്യില്‍ പണമുണ്ട്. അവര്‍ക്ക് വില കൂടിയാലും നല്ല ഭക്ഷണം കിട്ടിയാല്‍ മതി.
അതാണ് ഹോട്ടലുകളില്‍ ഇത്ര തിരക്ക് കൂടാന്‍ കാരണം. ഭക്ഷണം കഴിക്കാന്‍ വരുന്നവരും ഹോട്ടലുകാരും തമ്മില്‍ ബില്ലിന്റെ പേരില്‍ എവിടെയെങ്കിലും തര്‍ക്കമുണ്ടായിട്ടുണ്ടോ? എന്നിട്ടും പത്രക്കാര്‍ വെറുതെ 'തീ വില, തീ വില എന്നെഴുതുകയാണെന്നും മണ്ണെണ്ണ മൊത്തവ്യാപാരികളുടെ അസോസിയേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവേ മന്ത്രി പ്രസ്താവിച്ചിരുന്നു.