മുല്ലപ്പെരിയാര്‍: ജലനിരപ്പ് സംഭരണ ശേഷിയോട് അടുക്കുന്നു
കുമളി, ഞായര്‍, 22 നവംബര്‍ 2009( 10:52 IST )
PRO
PRO
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംഭരണ ശേഷിയോട് അടുക്കുന്നു. 135.8 ആണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടില്‍ ഉള്‍ക്കൊള്ളാവുന്ന പരമാവധി ജലനിരപ്പ് 136 അടിയാണ്. ഇതിനകം സ്പില്‍വേയിലെ ഒരു ഷട്ടറില്‍ കൂടി വെള്ളം ഒഴുകിത്തുടങ്ങിയിട്ടുണ്ട്.
സെക്കന്‍റില്‍ 2943 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതില്‍ 1828 ഘനയടി ജലം തമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്. മുല്ലപ്പെരിയാറിന്‍റെ വൃഷ്‌ടിപ്രദേശമായ തേക്കടിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴയെത്തുടര്‍ന്നാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നത്.
അണക്കെട്ടില്‍ മൂന്നിടത്ത് ചോര്‍ച്ചയുള്ളതായി കേരളം കണ്ടെത്തിയിരുന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തമിഴ്‌നാട് പി ഡബ്ല്യു ഡി ചീഫ് എഞ്ചിനീയര്‍ രാമമൂര്‍ത്തി മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നും ഇക്കാര്യത്തില്‍ കേരളത്തിന്‍റെ വാദം ശരിയല്ലെന്നും തമിഴ്‌നാട് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു.
പ്രധാന ഡാമിന്‍റെ 17, 18 ബ്ലോക്കുകള്‍ ചേരുന്നിടത്തും ഒന്നാം ബ്ലോക്കിന്‍റെ മധ്യഭാഗത്തും 130 അടി ഉയരത്തില്‍ ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. ഇതിനുപുറമെ 10, 11 ബ്ലോക്കുകള്‍ ചേരുന്നിടത്ത് 120 അടി ഉയരത്തില്‍ മറ്റൊരു ചോര്‍ച്ചയും ഉണ്ട്.