മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135.8 അടിയായി. മുല്ലപ്പെരിയാറില്‍ നിന്ന് സ്‌പില്‍വേയുടെ ഒരു ഷട്ടറില്‍ കൂടി വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിത്തുടങ്ങി.
ഇന്ന് രാവിലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.5 അടിയായി ഉയര്‍ന്നിരുന്നു. മുല്ലപ്പെരിയാറിന്‍റെ വൃഷ്‌ടിപ്രദേശമായ തേക്കടിയില്‍ ഇന്നലെയുണ്ടായ മഴയെത്തുടര്‍ന്നാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നത്. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ ഡാമിന്‍റെ സ്ഥിതി കൂടുതല്‍ ദുര്‍ബലമാകും.
അണക്കെട്ടില്‍ മൂന്നിടത്ത് ചോര്‍ച്ചയുള്ളതായി കേരളം കണ്ടെത്തിയിരുന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ തമിഴ്‌നാട് പി ഡബ്ല്യു ഡി ചീഫ് എഞ്ചിനീയര്‍ രാമമൂര്‍ത്തി മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചിരുന്നു.
ജലവിഭവവകുപ്പ് മന്ത്രിയുടെ നിര്‍ദേശപ്രകാരം ബുധനാഴ്ച മുല്ലപ്പെരിയാര്‍ സമിതിയംഗങ്ങള്‍ ഉള്‍പ്പെട്ട വിദഗ്ധസംഘം അണക്കെട്ടിലെ പുതിയ ചോര്‍ച്ചകള്‍ പരിശോധിച്ചിരുന്നു. പ്രധാന ഡാമിന്‍റെ 17, 18 ബ്ലോക്കുകള്‍ ചേരുന്നിടത്തും ഒന്നാം ബ്ലോക്കിന്‍റെ മധ്യഭാഗത്തും 130 അടി ഉയരത്തില്‍ ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. ഇതിനുപുറമെ 10, 11 ബ്ലോക്കുകള്‍ ചേരുന്നിടത്ത് 120 അടി ഉയരത്തില്‍ മറ്റൊരു ചോര്‍ച്ചയും ഉണ്ട്.