സൈലന്‍റ് വാലി ദേശീയ ഉദ്യാനത്തെ ലോകോത്തര നിലവാരമുള്ള ജൈവ വൈവിദ്ധ്യ കേന്ദ്രമാക്കുമെന്ന് കേന്ദ്രവനം പരിസ്ഥിതി മന്ത്രി ജയറാം രമേശ് പറഞ്ഞു. സൈലന്‍റ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചതിന്‍റെ 25ാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വനം നശിപ്പിക്കുന്ന ഒരു പദ്ധതിയും സെയിലന്റ് വാലിയില്‍ അനുവദിക്കില്ല. വാച്ചര്‍മാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് മെച്ചപ്പെട്ട പരിശീലനവും അടിസ്ഥാന സൗകര്യവും നല്‍കും. വനംവകുപ്പിന്‍റെ നിലവാരം ഉയര്‍ത്തുന്ന കേന്ദ്രപദ്ധതിയില്‍ കേരളത്തെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള തപാല്‍ സ്റ്റാമ്പും ഇന്ന് പുറത്തിറക്കി. 1984 നവംബര്‍ 15നാണ് സൈലന്‍റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തിനു മുമ്പ് അണക്കെട്ടു നിര്‍മ്മിക്കുവാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്ന കുന്തിപ്പുഴയുടെ സൈരന്ധ്രി മേഖലയാണ് സ്റ്റാമ്പില്‍ ചിത്രീകരിച്ചിരിക്കുന്നത്. സൈലന്‍റ് വാലി രാജ്യത്തിനു സമര്‍പ്പിച്ചത് 1985 സെപ്റ്റംബറില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയായിരുന്നു.
സെമിനാറുകള്‍, സൈലന്‍റ് വാലി സന്ദര്‍ശനം, പരിസ്ഥിതി പ്രവര്‍ത്തകരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച മുക്കാലിയില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ സൈലന്‍റ് വാലി സമരനായകരെ ആദരിക്കും.