കോണ്‍ഗ്രസിലേക്കുള്ള മുരളിയുടെ പുന:പ്രവേശനത്തിന് സമയമെടുക്കുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മൊഹ്‌സിന കിദ്വായി പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
മുരളീധരന്‍റെ കത്ത് കെ പി സി സിക്ക് കൈമാറും. കെ പി സി സിയുടെ തീരുമാനമാണ് ആദ്യം വരേണ്ടത്. മുരളീധരനെ തിരിച്ചെടുക്കുന്ന കാര്യം കെ പി സി സിയുടെ വിവേചനാധികാരമാണ്. ആരെ എടുക്കണം ആരെ എടുക്കണ്ട എന്ന് തീരുമാനിക്കേണ്ടത് കെ പി സി സിയാണെന്നും മൊഹ്‌സിന കിദ്വായി വ്യക്തമാക്കി.
കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുരളീധരന്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി മൊഹ്‌സിന കിദ്വായിയെ കണ്ട് കത്ത് നല്കിയിരുന്നു. കൂടിക്കാഴ്‌ച 40 മിനിറ്റോളം നീണ്ടു നിന്നിരുന്നു. സകല തെറ്റുകളും പൊറുത്ത് തന്നെയും സഹപ്രവര്‍ത്തകരെയും കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്നാണ് മുരളീധരന്‍ ആവശ്യപ്പെട്ടത്. ഇതിനുള്ള മറുപടിയെന്നോണമാണ് കിദ്വായിയുടെ ഇന്നത്തെ പ്രസ്താവന.
മുരളിയെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നായിരുന്നു കെ പി സി സിയുടെ നിലപാട്. എന്നാല്‍, മുരളിയെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് കെ പി സി സിയാണെന്നാണ് എ ഐ സി സിയുടെ ഇപ്പോഴത്തെ നിലപാട്.