സൈലന്‍റ് വാലി ദേശീയോദ്യാനത്തിന്‍റെ രജതൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള തപാല്‍ സ്റ്റാമ്പ് നാളെ പുറത്തിറക്കും. കേന്ദ്രപരിസ്ഥിതി മന്ത്രി ജയറാം രമേഷ് ആയിരിക്കും സ്റ്റാമ്പ് പ്രകാശനം ചെയ്യുക. പാലക്കാട് മുണ്ടൂരില്‍ നടക്കുന്ന രജതജൂബിലി ആഘോഷ ചടങ്ങില്‍ വടക്കന്‍ മേഖല പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഹില്‍ഡ എബ്രഹാം കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ജയറാം രമേഷിന് സ്റ്റാമ്പ് കൈമാറും.
1984 നവംബര്‍ 15നാണ് സൈലന്‍റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തിനു മുമ്പ് അണക്കെട്ടു നിര്‍മ്മിക്കുവാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്ന കുന്തിപ്പുഴയുടെ സൈരന്ധ്രി മേഖലയാണ് സ്റ്റാമ്പില്‍ ചിത്രീകരിച്ചിരിക്കുന്നത്. സൈലന്‍റ് വാലി രാജ്യത്തിനു സമര്‍പ്പിച്ചത് 1985 സെപ്‌റ്റംബറില്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയായിരുന്നു.
സെമിനാറുകള്‍, സൈലന്‍റ് വാലി സന്ദര്‍ശനം, പരിസ്ഥിതി പ്രവര്‍ത്തകരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.