കൊച്ചി മെട്രോ റയില്‍ പദ്ധതിക്ക് രണ്ടു മാസത്തിനുള്ളില്‍ അനുമതി നല്കുമെന്ന് കേന്ദ്രനഗര വികസന മന്ത്രി ജയ്‌പാല്‍ റെഡ്ഡി. പദ്ധതിക്ക് എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ചര്‍ച്ചയ്ക്കെത്തിയ സംസ്ഥാന എം പിമാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
പദ്ധതിക്ക് അനുമതി നല്‍കുന്നത് കേന്ദ്രമന്ത്രിസഭ നീട്ടിവച്ച സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. യു ഡി എഫ്, എല്‍ ഡി എഫ് എംപിമാര്‍ വെവ്വേറെയാണ് ജയ്പാല്‍ റെഡ്ഡിയെ കണ്ടത്.
ധനമന്ത്രാലയത്തിന്‍റെ എതിര്‍പ്പ് മൂലമാണ് പദ്ധതി വ്യാഴാഴ്ചത്തെ കേന്ദ്രമന്ത്രിസഭ അംഗീകരിക്കാതിരുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ധനമന്ത്രാലയം പദ്ധതിയെ എതിര്‍ത്തിരുന്നു.
ധമന്ത്രാലയവുമായി ആശയ വിനിമയം നടത്തി പദ്ധതിയുടെ സാങ്കേതികവശങ്ങളെ കുറിച്ചു മന്ത്രാലയത്തിനുള്ള സംശയം മാറ്റിയ ശേഷം താന്‍ തന്നെ പദ്ധതി രണ്ടു മാസത്തിനകം കേന്ദ്രമന്ത്രിസഭയുടെ മുന്നില്‍വയ്‌ക്കുമെന്ന് ജയ്പാല്‍ റെഡ്ഡി ഉറപ്പു നല്‍കി.
3000 കോടി ചെലവു വരുന്ന പദ്ധതിയുടെ പകുതി ചെലവ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്‌തമായി വഹിക്കണം. ഏകദേശം 600 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വഹിക്കേണ്ടത്. ഈ പണം എങ്ങനെ കണ്ടെത്തുമെന്നതും കൊച്ചി മഹാനഗരമാണോ എന്ന സംശയവുമാണ് ധനമന്ത്രാലയത്തെ ഉലയ്‌ക്കുന്ന പ്രശ്നം.
അതിനിടെ ഒരുമിച്ച് മന്ത്രിയെ കാണാന്‍ തീരുമാനിച്ചശേഷം കോണ്‍ഗ്രസ് എം പിമാര്‍ ആദ്യം മന്ത്രിയെ കണ്ട് ചര്‍ച്ച നടത്താന്‍ പോയത് രാഷ്‌ട്രീയനേട്ടം ലക്‌ഷ്യം വെച്ചാണെന്ന് ഇടത് എം പിമാര്‍ ആരോപിച്ചു.