ആത്മസംയമനം പാലിച്ച് മുന്നോട്ടു പോകണമെന്ന് കെ മുരളീധരന് കേന്ദ്രപ്രതിരോധമന്ത്രി എ കെ ആന്‍റണിയുടെ നിര്‍ദ്ദേശം. ആന്‍റണിയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ആന്‍റണി നിര്‍ദ്ദേശങ്ങള്‍ നല്കിയതായി മുരളീധരന്‍ പറഞ്ഞത്.
പ്രകോപനപരമായ പ്രസ്താവനകള്‍ ഇനി മുതല്‍ നടത്തരുത്. പ്രകോപനങ്ങള്‍ക്ക് വശംവദനാകാതെ ആത്‌മസംയമനം പാലിച്ച് മുന്നോട്ടു പോകണമെന്ന് നിര്‍ദ്ദേശിച്ചതായും മുരളീധരന്‍ പറഞ്ഞു. ആന്‍റണിയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനുമായും മുരളീധരന്‍ ഇന്ന് കൂടിക്കാഴ്‌ച നടത്തും.
കോണ്‍ഗ്രസിലേക്ക് മടങ്ങി വരുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മൊഹ്‌സിന കിദ്വായിക്ക് നല്‍കിയ കത്തിന്‍റെ പകര്‍പ്പ് മുരളീധരന്‍ ആന്‍റണിക്ക് കൈമാറി. ഇന്നലെ വൈകുന്നേരമാണ് മുരളീധരന്‍ കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മൊഹ്‌സിന കിദ്വായിയുമായി കൂടിക്കാഴ്‌ച നടത്തിയത്. 40മിനിറ്റോളം കൂടിക്കാഴ്‌ച നീണ്ടു നിന്നിരുന്നു. സോണിയ ഗാന്ധിയുമായി ആലോചിച്ച ശേഷം മറുപടി അറിയിക്കാമെന്ന് മൊഹ്‌സിന പറഞ്ഞിരുന്നു.