കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ നടപ്പാക്കാന്‍ ഇനിയും വൈകും. കൊച്ചി മെട്രോ സംബന്ധിച്ച് തീരുമാനമെടുക്കുന്നത് കേന്ദ്രമന്ത്രിസഭ മാറ്റിവച്ചു. നഗര വികസന മന്ത്രാലയത്തിന്‍റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് പദ്ധതി സംബന്ധിച്ച് തീരുമാനമെടുക്കുന്നത് മാറ്റിവച്ചതെന്നാണ് കേന്ദ്രമന്ത്രി അംബികാ സോണി നല്‍കിയ വിശദീകരണം.
പദ്ധതിയുടെ വിശദാംശങ്ങള്‍ ഇനിയും അറിയാനുണ്ടെന്ന് നഗര വികസന മന്ത്രി ജയ്പാല്‍ റെഡ്ഡി മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചു. എന്നാല്‍, പദ്ധതി തിരക്കിട്ട് നടപ്പാക്കേണ്ടതില്ലെന്ന് ധനമന്ത്രി പ്രണാബ് മുഖര്‍ജി മന്ത്രിസഭാ യോഗത്തില്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ തേടേണ്ടതുണ്ട്. അതുകൊണ്ട് ഇക്കാര്യത്തില്‍ പെട്ടെന്ന് തീരുമാനം എടുക്കരുതെന്ന് പ്രണാബ് യോഗത്തില്‍ ആവശ്യപ്പെട്ടു.
പദ്ധതിക്കായുള്ള പണം കണ്ടെത്തുന്നത് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയം നേരത്തേയും എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിരുന്നു. പദ്ധതിയുടെ കേന്ദ്ര വിഹിതം സംബന്ധിച്ച അഭിപ്രായ വ്യത്യാസമാണ് കൊച്ചി മെട്രോ നടപ്പാക്കുന്നതിനുള്ള തടസമായി ധനമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്. പദ്ധതിയുടെ ചെലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ തന്നെ വഹിക്കണമെന്നാണ് കേന്ദ്ര ധനമന്ത്രാലയം പറയുന്നത്.
പദ്ധതിയിലെ സ്വകാര്യ പങ്കാളിത്തം സംബന്ധിച്ചും ധനമന്ത്രാലയത്തിന് എതിര്‍പ്പുണ്ട്. പദ്ധതിയുടെ നടത്തിപ്പ് പൂര്‍ണമായും സ്വകാര്യ മേഖലയ്ക്ക് വിടണമെന്നും ധനമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൊച്ചി വന്‍ നഗരമല്ലെന്നും മെട്രോ റയിലിന്‍റെ ആവശ്യമില്ലെന്നും പദ്ധതിയുടെ ആലോചന തുടങ്ങിയപ്പോള്‍ തന്നെ ധനമന്ത്രാലയം അഭിപ്രായപ്പെട്ടിരുന്നു. 40 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളിലാണ് സാധാരണ പദ്ധതി നടപ്പാക്കുന്നത്. കൊച്ചിയില്‍ 18 ലക്ഷം മാത്രമാണ് ജനസംഖ്യ.
കൊച്ചി മെട്രോ പദ്ധതി പൊതുമേഖലയില്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ജപ്പാനില്‍ നിന്ന് കൊച്ചി മെട്രോ പദ്ധതിക്കായി വായ്‌പ സ്വീകരിക്കും. 25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതിയ്ക്ക് 3000 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 1800 കോടി വിദേശ സഹായമായിരിക്കും.