ഡേവിഡ് ഹെഡ്‌ലിക്കൊപ്പം എഫ്ബിഐയുടെ പിടിയിലായ, ലഷ്‌കര്‍ ബന്ധമുള്ള തഹാവൂര്‍ ഹുസൈന്‍ റാണ കൊച്ചിയില്‍ തങ്ങിയിരുന്നതായി പോലീസിന് തെളിവ് ലഭിച്ചു. മുംബൈ സ്ഫോടനത്തിന് രണ്ടാഴ്ച മുമ്പാണ് രണ്ട് ദിവസം റാണ കൊച്ചിയിലെത്തിയത്.
നവംബര്‍ 16നും 17നും ആണ് റാണ കൊച്ചിയില്‍ താമസിച്ചത്. വിദേശ ജോലിക്കുള്ള റിക്രൂട്ട്‌മെന്‍റിനായി ഭാഗമായി ഉദ്യോഗാര്‍ത്ഥികളെ ഇന്‍റര്‍വ്യൂ ചെയ്യാനാണ് ഇയാള്‍ കൊച്ചിയില്‍ എത്തിയത്. താജ് റസിഡന്‍സിയിലായിരുന്നു താമസം. ഫസ്റ്റ് വേള്‍ഡ് ഇമിഗ്രേഷന്‍ സര്‍വ്വീസസ് എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് റാണ. ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തില്‍ ഇയാള്‍ പരസ്യവും നല്‍കിയിരുന്നു.
ഡോ. തഹവൂര്‍ ഹുസൈന്‍ റാണ എന്ന പേരിലാണ് ഇയാള്‍ മുറിയെടുത്തിരുന്നത്. വിദേശികള്‍ സംസ്ഥാനത്ത് എത്തിയാല്‍ നല്‍കുന്ന സി ഫോമുകളില്‍ നിന്നാണ് പൊലീസിന് ഇക്കാര്യം വ്യക്തമായത്. റാണ കൊച്ചിയില്‍ മറ്റാരെയെങ്കിലും ബന്ധപ്പെട്ടോ എന്നത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷിച്ച് വരികയാണ്. നേരത്തെ ഡേവിഡ് ഹെഡ്‌ലി കൊച്ചിയിലെത്തിയിരുന്നെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും ഇതിന് തെളിവുകള്‍ കണ്ടെത്താനായിരുന്നില്ല.