കോഴിക്കോട്, തിങ്കള്‍, 9 നവംബര്‍ 2009( 13:41 IST )
PRO
കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ പിന്തുണയോടെ പാര്‍ട്ടിയില്‍ തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ക്ക് മുരളീധരന്‍ വേഗം കൂട്ടുന്നു. കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് രണ്ടാഴ്ചയ്ക്കകം അദ്ദേഹം ഹൈക്കമാന്‍ഡിന് കത്ത് നല്‍കുമെന്നാണ് കരുതുന്നത്. കേരളത്തിന്‍റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് മൊഹ്സിന കിദ്വായിയെ നേരിട്ട് കണ്ട് കത്ത് കൈമാറാനാണ് മുരളീധരന്‍റെ നീക്കം.
തന്‍റെ പൂര്‍വ്വകാല പ്രവര്‍ത്തനങ്ങളില്‍ മാപ്പപേക്ഷിച്ചുകൊണ്ടുള്ള കത്താണ് മുരളീധരന്‍ ഹൈക്കമാന്‍ഡിന് കൈമാറുക. മുരളിയെ തിരിച്ചെടുക്കാതിരിക്കാന്‍ കെ പി സി സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ അണിയറ നീക്കം ശക്തമാക്കിയ സാഹചര്യത്തിലാണ് ഉടന്‍തന്നെ ഹൈക്കമാന്‍ഡിനെ സമീപിക്കാന്‍ മുരളീധരന്‍ തയ്യാറെടുക്കുന്നത്. ചെന്നിത്തലയുടെ നീക്കത്തിനോട് പരസ്യമായി ഉമ്മന്‍ചാണ്ടി അനുകൂലിക്കുന്നുണ്ടെങ്കിലും മുരളി മടങ്ങിയെത്തുന്നതിനോട് ഉമ്മന്‍ചാണ്ടിക്ക് മൌനാനുവാദമാണ് എന്നാണ് വിലയിരുത്തല്‍.
എ കെ ആന്‍റണി അടക്കമുള്ള കേന്ദ്ര നേതാക്കളുടെ പിന്തുണയും മുരളീധരനുണ്ട്. ചെന്നിത്തല - ഉമ്മന്‍ചാണ്ടി കോക്കസിനെതിരെ മുരളീധരനെ ഉപയോഗിച്ച് നീക്കം നടത്താമെന്ന കണക്കുകൂട്ടലിലാണ് ആന്‍റണി മുരളിയുടെ മടങ്ങിവരവിനെ പിന്തുണയ്ക്കുന്നത്. ആന്‍റണിയുടെ അനുഗ്രഹത്തോടെയാണ് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ മുരളിയുടെ കോണ്‍ഗ്രസ് പ്രവേശനത്തിന് പിന്തുണ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ചെന്നിത്തല - ചാണ്ടി കോക്കസിന് തടയിട്ടില്ലെങ്കില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ തന്‍റെ പ്രസക്തി നഷ്ടപ്പെട്ടേക്കുമെന്നുള്ള ഭയവും ആന്‍റണിയുടെ നീക്കത്തിന് പിന്നിലുണ്ട്.
ഈ സാഹചര്യം മുതലാക്കി കോണ്‍ഗ്രസില്‍ കയറിക്കൂടാനാണ് മുരളീധരന്‍റെ നീക്കം. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം തുടങ്ങിക്കഴിഞ്ഞാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മുരളീധരന്‍ ഡല്‍ഹില്‍ത്തന്നെയുണ്ടാകും. ആന്‍റണിക്ക് കേന്ദ്രനേതൃത്വത്തിലുള്ള സ്വാധീനം മുരളീധരന് അനുകൂലമായ ഘടകമാകും. മുരളീധരനെ തിരിച്ചെടുക്കുന്നത് വരാന്‍ പോകുന്ന പഞ്ചായത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കും മുന്നണിക്കും ക്ഷീണമുണ്ടാക്കും എന്നാണ് ചെന്നിത്തല പക്ഷത്തിന്‍റെ വാദം.